അങ്കാറ: തുര്‍ക്കി-സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 28,192 ആയി ഉയര്‍ന്നു. തുര്‍ക്കിയില്‍ മാത്രം മരണസംഖ്യ 24,617 ആണെന്ന് വൈസ് പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിറിയയില്‍ ഇതിനകം 3,575 മരണങ്ങള്‍ സ്ഥിരീകരിച്ചതായാണ് വൈറ്റ് ഹെല്‍മറ്റ് സിവില്‍ ഡിഫന്‍സ് ഗ്രൂപ്പ് വ്യക്തമാക്കുന്നത്.
ഇതില്‍ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് 2,167, സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളില്‍ 1,408 എന്നിങ്ങനെയാണ് മരണസംഖ്യ. അതിനിടെ, തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ കാണാതായ ഒരു ഇന്ത്യന്‍ പൗരന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. മൃതദേഹം ഉടന്‍ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് എംബസി അറിയിച്ചു.
ഇതുകൂടാതെ തുര്‍ക്കിയിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ 10 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇവര്‍ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വര്‍മ്മ വ്യക്തമാക്കി.
ഫെബ്രുവരി ആറിനാണ് തുര്‍ക്കിയെയും സിറിയയെയും നടുക്കിയ ഭൂകമ്പം ഉണ്ടായത്. ഏഴിന് മുകളില്‍ തീവ്രത രേഖപ്പെടുത്തിയ ശക്തമായ രണ്ട് ചലനങ്ങളാണ് തുര്‍ക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയത്. ആദ്യത്തെ ചലനം റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി പുലര്‍ച്ചെ 4.17ന് ഉണ്ടായി. രണ്ടാമത്തെ ചലനം 7.5 തീവ്രതയില്‍ അതേ ദിവസം ഉച്ചയോടെ ഉണ്ടായി. ആദ്യത്തെ ചലനം പുലര്‍ച്ചെ ആളുകള്‍ ഉറങ്ങുന്ന സമയമായതിനാല്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടി.
10 പ്രവിശ്യകളിലായി 13 ദശലക്ഷം ആളുകളെയാണ് ദുരന്തം ബാധിച്ചത്. തുര്‍ക്കിയിലെ ഭൂകമ്പ ബാധിത പ്രവിശ്യകളില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യ ഉള്‍പ്പടെ പന്ത്രണ്ടോളം രാജ്യങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരെ ദുരിത ബാധിത പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
മോശം കാലാവസ്ഥയും തകര്‍ന്ന റോഡുകളും ഉപകരണങ്ങളുടെ അപര്യാപ്തതയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ ഇപ്പോഴും ജീവനോടെ പുറത്തെത്തിക്കുന്നത് രക്ഷാപ്രവര്‍ത്തകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മരണസംഖ്യ 40,000 കടന്നേക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍.
ദുരന്തത്തില്‍ ഭവനരഹിതരായ നിരവധിയാളുകളാണ് തണുത്തുറഞ്ഞ കാലാവസ്ഥയില്‍ കഴിയുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ പലരും തകര്‍ന്ന കെട്ടിടത്തിന് സമീപം തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.
ലോകത്ത് ഏറ്റവും ദുരന്തം വിതച്ച അപകടങ്ങളിലൊന്നായാണ് ഈ ഭൂകമ്പത്തെ കണക്കാക്കുന്നത്. കൊടും ശൈത്യത്തില്‍ അഭയ കേന്ദ്രങ്ങളില്ലാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും ടെന്റുകളും പുതപ്പുകളുമൊക്കെ സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ട്. എങ്കിലും ഇതൊന്നും ലഭ്യമാകാതെ നിരവധിയാളുകള്‍ ഇപ്പോഴും ദുരന്ത ഭൂമിയില്‍ വലയുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.