ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയത് തെറ്റായ സമീപനം: വിമര്‍ശനവുമായി കോണ്‍ഗ്രസ്

ജസ്റ്റിസ്   സയ്യിദ് അബ്ദുല്‍   നസീറിനെ ഗവര്‍ണറാക്കിയത് തെറ്റായ സമീപനം: വിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിന്റേത് തെറ്റായ സമീപനമാണെന്നും നിയമനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു. നസീറിന്റെ നിയമനം ജുഡീഷ്യറിക്കു ഭീഷണിയാണെന്നും സിങ്വി വ്യക്തമാക്കി.

അയോധ്യക്കേസില്‍ വിധി പറഞ്ഞ സുപ്രീം കോടതി മുന്‍ ജഡ്ജി സയ്യിദ് അബ്ദുല്‍ നസീറിനെ ആന്ധ്രപ്രദേശ് ഗവര്‍ണറാക്കി നിയമിച്ചതിനെതിരെ സിപിഎം രാജ്യസഭാ അംഗം എ.എ.റഹീമും രംഗത്ത് വന്നു. അയോധ്യക്കേസിലെ ജഡ്ജിമാരില്‍ ഒരാളായ അബ്ദുള്‍ നസീറിന് ലഭിച്ചിരിക്കുന്ന ഗവര്‍ണര്‍ പദവി ഭരണഘടനാ മൂല്യങ്ങള്‍ക്ക് ചേര്‍ന്നതല്ല.

കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദില്‍ സംഘപരിവാര്‍ അഭിഭാഷക സംഘടനയുടെ ചടങ്ങിലും പങ്കെടുത്ത മുന്‍ ജഡ്ജിയുടെ നിയമനം അപലപനീയമാണ്. കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം സയ്യിദ് അബ്ദുല്‍ നസീര്‍ നിരസിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെയാണ് ജസ്റ്റിസ് സയ്യിദ് അബ്ദുല്‍ നസീറിനെ ആന്ധ്രാപ്രദേശ് ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചത്. അയോധ്യ ഭൂമി തര്‍ക്കക്കേസും മുത്തലാഖ് കേസും പരിഗണിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു അബ്ദുല്‍ നസീര്‍. അയോധ്യയിലെ തര്‍ക്ക ഭൂമി രാമജന്മ ഭൂമി ട്രസ്റ്റിന് നല്‍കാന്‍ വിധി പറഞ്ഞ ഭരണഘടനാ ബെഞ്ചിലെ ഏക മുസ്‌ലിം അംഗവുമായിരുന്നു അദ്ദേഹം.

നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികള്‍ അടുത്തയിടെ തള്ളിയ ഭരണഘടന ബെഞ്ചിന് നേതൃത്വം നല്‍കിയതും അബ്ദുല്‍ നസീറായിരുന്നു. സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ശേഷം ഗവര്‍ണറാകുന്ന മൂന്നാമത്തെ ജഡ്ജിയാണ് അബ്ദുല്‍ നസീര്‍. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവം കേരള ഗവര്‍ണറായും ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്‌നാട് ഗവര്‍ണറുമായി നേരത്തേ നിയമിതരായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.