ശ്രീനഗര്‍: ഗര്‍ഭിണിയായ യുവതിക്ക് വാട്സ്ആപ്പ് കോളിലൂടെ സുഖ പ്രസവം സാധ്യമാക്കി ജമ്മു കാശ്മീരിലെ ഡോക്ടര്‍മാര്‍. ജമ്മു കശ്മീരിലെ വിദൂര ഗ്രാമമായ കേരനിലാണ് സംഭവം. പ്രസവ വേദന അനുഭവപ്പെട്ട ഗര്‍ഭിണിയെ കടുത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും പ്രധാന ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചിരുന്നില്ല.
വെള്ളിയാഴ്ച രാത്രിയോടെയാണ് പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ കേരന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. എക്ലാംസിയ, എപ്പിസോടോമി തുടങ്ങിയ പ്രസവ സംബന്ധമായ സങ്കീര്‍ണതകള്‍ യുവതി നേരിട്ടിരുന്നു.
വിദഗ്ധ ചികിത്സ ആവശ്യമായതിനാല്‍ യുവതിയെ പ്രസവ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് അധികൃതര്‍ അറിയിച്ചു. ശൈത്യകാലത്ത് കുപ്വാര ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് കേരന്‍ ഗ്രാമം ഒറ്റപ്പെട്ട് പോകാറുണ്ട്.
എയര്‍ ലിഫ്ടിങ് വഴി മാത്രമേ യുവതിയെ മറ്റൊരു ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയുമായിരുന്നൊള്ളൂ. എന്നാല്‍ വ്യാഴം, വെള്ളി ദിവസങ്ങളിലെ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതിന് തിരിച്ചടിയായി. ഇതോടെ ബദല്‍ മാര്‍ഗം തേടാന്‍ കേരന്‍ പിഎച്ച്സിയിലെ മെഡിക്കല്‍ ടീം നിര്‍ബന്ധിതരായി.
ഇതോടെ ക്രാള്‍പോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പര്‍വേസിന്റെ നേതൃത്വത്തില്‍ വാട്‌സ്ആപ്പ് കോളിലൂടെ യുവതിയുടെ പ്രസവം നടത്തുകയായിരുന്നു. കേരന്‍ പിഎച്ച്സിയിലെ ഡോ. അര്‍ഷാദ് സോഫിക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും ഡോ. പര്‍വേസ് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ആറ് മണിക്കൂറിന് ശേഷം ആരോഗ്യമുള്ള ഒരു പെണ്‍കുഞ്ഞിന് യുവതി ജന്മം നല്‍കി. നിലവില്‍ അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെന്നും സുഖമായി ഇരിക്കുന്നതായും ക്രാള്‍പോറ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. മിര്‍ മുഹമ്മദ് ഷാഫി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.