ടൊറോന്റോ: കാനഡയിലെ ഏറ്റവും വലിയ കത്തോലിക്കാ രൂപതയായ ടൊറന്റോയുടെ പുതിയ അധ്യക്ഷനായി ബിഷപ്പ് ഫ്രാങ്ക് ലിയോയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. 75 വയസ് പൂര്‍ത്തിയായ കര്‍ദിനാള്‍ തോമസ് കോളിന്‍സ് ടൊറന്റോ ആര്‍ച്ച് ബിഷപ്പ് സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് പുതിയ ആര്‍ച്ച് ബിഷപ്പിന്റെ നിയമനം. 
ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകള്‍ സംസാരിക്കുന്ന നിയുക്ത ആര്‍ച്ച് ബിഷപ്പ് ലിയോയെ സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടക്കുന്ന ചടങ്ങില്‍ ടൊറന്റോയിലെ 14-ാമത് ആര്‍ച്ച് ബിഷപ്പായി ഔദ്യോഗികമായി നിയമിക്കും. ചടങ്ങ് സംബന്ധിച്ച വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ സ്ഥിരീകരിക്കുമെന്ന് രൂപത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
'ടൊറന്റോ അതിരൂപതയിലെ വിശ്വാസികളെ സേവിക്കുന്നതിനായി പരിശുദ്ധ പിതാവില്‍ നിന്നുള്ള ഈ നിയമനം ഞാന്‍ വിനയത്തോടെ സ്വീകരിക്കുന്നു. ഫ്രാന്‍സിസ് പാപ്പ എന്നില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തിന് ഞാന്‍ നന്ദി പറയുന്നു. കര്‍ദിനാള്‍ തോമസ് കോളിന്‍സിന്റെ പിന്തുണയ്ക്കും വര്‍ഷങ്ങളോളം സഭയ്ക്കു നല്‍കിയ വിശ്വസ്തവും പ്രചോദനാത്മകവുമായ സേവനത്തിനും നന്ദി' - ബിഷപ്പ് ലിയോ പ്രസ്താവനയില്‍ പറഞ്ഞു.
ടൊറന്റോ അതിരൂപതയിലെ അജഗണങ്ങളെ സേവിക്കാന്‍ ഒരുങ്ങുന്ന നിയുക്ത ആര്‍ച്ച് ബിഷപ്പ്  ലിയോയ്ക്ക് തന്റെ പ്രാര്‍ത്ഥനകളും ആശംസകളും പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി കര്‍ദിനാള്‍ കോളിന്‍സ് പറഞ്ഞു. ലോകമെമ്പാടുമുള്ള സഭയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും സന്തോഷത്തോടെയും വിശ്വസ്തതയോടെയും മറ്റുള്ളവരെ സേവിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും ശ്രദ്ധേയമാണ് - കര്‍ദിനാള്‍ കോളിന്‍സ് കൂട്ടിച്ചേര്‍ത്തു.
ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ഒരു ട്വീറ്റിലൂടെ കര്‍ദിനാള്‍ കോളിന്‍സിന്റെ സേവനത്തിന് നന്ദി അറിയിക്കുകയും അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുകയും ചെയ്തു. 'നന്ദി, കര്‍ദിനാള്‍ കോളിന്‍സ്, താങ്കളുടെ സേവനം ഞങ്ങളുടെ പ്രവിശ്യയിലെ പലര്‍ക്കും അത്ഭുതകരമായ ഒരു മാതൃകയാണ്' - ഡഗ് ഫോര്‍ഡ് കുറിച്ചു.
ആര്‍ച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാങ്ക് ലിയോ 1971 ജൂണ്‍ 30-ന് കാനഡയിലെ മോണ്‍ട്രിയയിലാണ് ജനിച്ചത്. 1996 ഡിസംബര്‍ 14-ന് വൈദികനായി അഭിഷിക്തനായി. 2012 ജനുവരിയില്‍ മോണ്‍സിഞ്ഞോറായി നിയമിതനായി. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോണ്‍ട്രിയല്‍ അതിരൂപതയുടെ സഹായ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ ബിഷപ്പ് ലിയോയെ നിയമിച്ചിരുന്നു.
ടൊറന്റോ മുതല്‍ ജോര്‍ജിയന്‍ ബേ വരെയും ഒഷാവ മുതല്‍ മിസിസാഗ വരെയും ഏകദേശം രണ്ട് ദശലക്ഷം കത്തോലിക്കരും ഏകദേശം 400 വൈദികരും ഒപ്പം 225 ഇടവകകളും അടങ്ങുന്നതാണ് ടൊറോന്റോ അതിരൂപത.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.