ചാര ബലൂണുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു; തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് അമേരിക്ക പത്തിലേറെ തവണ ബലൂണുകൾ പറത്തിയെന്ന് ചൈന

ചാര ബലൂണുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു; തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് അമേരിക്ക പത്തിലേറെ തവണ ബലൂണുകൾ പറത്തിയെന്ന് ചൈന

ബെയ്ജിംഗ്: ചൈനയുടെ വ്യോമാതിർത്തിക്കുള്ളില്‍ 2022 മുതൽ അമേരിക്ക അനധികൃതമായി പത്തിലേറെ തവണ ബലൂണുകൾ പറത്തിയെന്ന അവകാശവാദവുമായി ചൈനീസ് വിദേശകാര്യ വക്താവ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അമേരിക്കൻ സൈന്യം തങ്ങളുടെ വ്യോമാതിർത്തി കടന്ന ചൈനീസ് ചാരബലൂൺ വെടിവെച്ചിട്ടതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കം വീണ്ടും രൂക്ഷമാകുന്നത്.

കഴിഞ്ഞ വർഷം മുതൽ അമേരിക്കയുടെ വളരെ ഉയരത്തിൽ പറക്കുന്ന ബലൂണുകൾ ചൈനീസ് വകുപ്പുകളുടെ അനുമതിയില്ലാതെ ചൈനയുടെ വ്യോമാതിർത്തിയിലേക്ക് പത്തിലധികം തവണ അയച്ചിട്ടുണ്ടെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് വാങ് വെൻബിൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ബലൂണുകൾ സൈനിക ആവശ്യത്തിനോ ചാരപ്രവർത്തനത്തിനോ വേണ്ടി ഉപയോഗിച്ചുവെന്ന് വാങ് പ്രത്യേകം വിവരിച്ചിട്ടില്ല. മാത്രമല്ല കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

തങ്ങളുടെ വ്യോമാതിർത്തിയിലെ ഇത്തരം നുഴഞ്ഞുകയറ്റങ്ങളോട് ചൈന എങ്ങനെ പ്രതികരിച്ചുവെന്ന ചോദ്യത്തിന് ഉത്തരവാദിത്തപരവും പ്രൊഫഷണലുമായ രീതിയിലാണ് അമേരിക്കയോട് തങ്ങൾ പ്രതികരിച്ചതെന്നും വാങ് പറഞ്ഞു.

അതേസമയം വിഷയത്തിൽ അമേരിക്കൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അമേരിക്കയുടെ വ്യോമാതിർത്തിക്ക് ഉള്ളിൽ പ്രവേശിച്ച ചൈനയുടെ ബലൂൺ, ചാരപ്രവർത്തനം നടത്തുന്നുവെന്ന് വ്യക്തമാക്കി അമേരിക്കൻ സൈന്യം ഫെബ്രുവരി നാലിന് സൗത്ത് കരോലിന തീരത്ത് വച്ച് വെടിവെച്ചിട്ടിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൈന പുതിയ ആരോപണവുമായി രംഗത്തെത്തുന്നത്.

മാത്രമല്ല വിഷയത്തെ തുടർന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ബീജിംഗ് സന്ദർശനം അമേരിക്ക മാറ്റിവച്ചു. കഴിഞ്ഞ ദിവസങ്ങളിലും വ്യോമാതിർത്തിക്ക് മുകളിൽ പ്രത്യക്ഷപ്പെട്ട അജ്ഞാത വസ്തു വെടിവെച്ചിട്ടതായി അമേരിക്ക അറിയിച്ചിരുന്നു. ഞായറാഴ്ച, കനേഡിയൻ അതിർത്തിക്കടുത്തുള്ള മിഷിഗണിൽ അജ്ഞാത വസ്തു വെടിവെച്ചിടാൻ അമേരിക്ക ഉത്തരവിട്ടിരുന്നു. ചരടുകൾ ഘടിപ്പിച്ച ആളില്ലാത്ത "അഷ്ടഭുജ ഘടന" എന്നാണ് പ്രതിരോധ ഉദ്യോഗസ്ഥർ ഇതിനെ വിശേഷിപ്പിച്ചത്.

ശനിയാഴ്ച കാനഡയുടെ ചെ യൂക്കോൺ പ്രദേശത്ത് വെടിവച്ച് വീഴ്ത്തിയതും വെള്ളിയാഴ്ച അലാസ്‌കയിൽ വെടിവച്ചിട്ടതുമായ രണ്ട് ബലൂണുകളും ചൈനീസ് ചാരബലൂണിനേക്കാൾ വളരെ ചെറുതാണെന്ന് അമേരിക്കൻ സെനറ്റ് മെജോറിറ്റി നേതാവ് ചക് ഷൂമർ വ്യക്തമാക്കി. കണ്ടെത്തിയ അഞ്ജാത വസ്തുക്കളെല്ലാം കൂട്ടിചേർത്ത് എന്താണ് യഥാർഥത്തിൽ സംഭവിക്കുന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാന സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് അതീവ ജാഗ്രത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അമേരിക്കൻ അധികാരികൾ ഞായറാഴ്ച മിഷിഗൺ തടാകത്തിന് മുകളിലൂടെയുളള വ്യോമമേഖല താത്കാലികമായി അടച്ചിരിക്കുകയാണ്. അമേരിക്ക വെടിവെച്ചിട്ട ഏറ്റവും പുതിയ മൂന്ന് വസ്തുക്കളെ കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നും വാങ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.