ഭൂകമ്പദുരിതാശ്വാസം, തുർക്കിയില്‍ വലിയ ആശുപത്രി തുറന്ന് യുഎഇ

ഭൂകമ്പദുരിതാശ്വാസം, തുർക്കിയില്‍ വലിയ ആശുപത്രി തുറന്ന് യുഎഇ

അബുദബി:തുർക്കിയില്‍ ആശുപത്രി തുറന്ന് യുഎഇ. ഭൂകമ്പം നാശം വിതച്ച തുർക്കിയിലും സിറിയയിലും ദുരിതാശ്വസ പ്രവർത്തനങ്ങളുമായി സജീവമാണ് യുഎഇയുടെ ദുരിതാശ്വാസ സംഘം. മെഡിക്കല്‍ ടെക്നിക്കല്‍ സംഘങ്ങള്‍ എത്തിയതോടെയാണ് ആശുപത്രി തുടങ്ങിയത്.

40,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ആശുപത്രിക്ക് 50 കിടക്കകളും നാല് ഐസിയു കിടക്കകളുമുണ്ട്. പ്രാദേശിക മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് ആശുപത്രി തുറന്നിരിക്കുന്നത്. ലെവല്‍ 3 ഫീല്‍ഡ് ആശുപത്രിയാണിത്.

പ്രതിരോധമന്ത്രാലയത്തിന്‍റെ ജോയിന്‍റ് ഓപ്പറേഷന്‍സ് കമാന്‍റിന്‍റെ നേതൃത്വത്തിലാണ് ഗാലറ്റ് നൈറ്റ് 2 രക്ഷാദൗത്യം പുരോഗമിക്കുന്നത്. ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമ്പോള്‍ യുഎഇ അംബാസഡർ സയീദ് താനി അൽ ദഹേരിയും നിരവധി തുർക്കി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

തുർക്കിയിലെ ഔദ്യോഗിക അധികൃതരുമായി ചേർന്നാണ് ആശുപത്രിയിലെ എമിറാത്തി ടീം പ്രവർത്തിക്കുക. റെക്കോർഡ് സമയത്തിനുള്ളിൽ ആശുപത്രി സ്ഥാപിക്കാനും മെഡിക്കൽ കേഡർമാരെ വിന്യസിക്കാനും സാധിച്ചിട്ടുണ്ടെന്ന് സയീദ് താനി അൽ ദഹേരി പറഞ്ഞു.

സർജറി, തീവ്രപരിചരണം, ദന്തചികിത്സ, എക്‌സ്‌റേ, ലബോറട്ടറി, ഫാർമസി, ഔട്ട്‌പേഷ്യന്‍റ് വിഭാഗങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങൾ ആശുപത്രിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ദുരന്തം മൂലമുണ്ടായ ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് ഡിസോർഡേഴ്സ് എന്നിവയാൽ ബുദ്ധിമുട്ടുന്ന വ്യക്തികളെ സഹായിക്കാൻ കഴിയുന്ന മനശാസ്ത്രജ്ഞരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.