ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകള്‍ എത്തുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നും ഒരു ഡസന്‍ ചീറ്റകളെയാണ് ശനിയാഴ്ച മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിക്കുന്നത്. ഏഴ് ആണ്‍ ചീറ്റയും അഞ്ച് പെണ്‍ ചീറ്റയുമാണ് സംഘത്തിലുള്ളതെന്ന് വനം വകുപ്പ് അധികതര്‍ അറിയിച്ചു.
വെള്ളിയാഴ്ച വൈകുന്നേരം ചീറ്റകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും യാത്ര തിരിക്കും. ദക്ഷിണാഫ്രിക്കയിലെ ടാംബോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിലാണ് ചീറ്റകളെ ഇന്ത്യയിലേക്ക്
എത്തിക്കുന്നത്. ഉച്ചയ്ക്ക് 12 ഓടെ കാണ്‍പൂര്‍ എത്തുന്ന ചീറ്റകളെ അരമണിക്കൂറിനു ശേഷം ക്വാറന്റീന്‍ എന്‍ക്ലോഷറുകളിലേക്ക് മാറ്റും. ദക്ഷിണാഫ്രിക്കന്‍ ചീറ്റകള്‍ക്കായി 10 ക്വാറന്റൈന്‍ എന്‍ക്ലോഷറുകളാണ് കുനോ നാഷണല്‍ പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്നത്.
2022 ജൂലൈയില്‍ ആയിരുന്നു 12 ചീറ്റകളെ കൂടി ആവശ്യപ്പെട്ട് രാജ്യം ദക്ഷിണാഫ്രിക്കയ്ക്ക് അപേക്ഷകത്ത് നല്‍കിയത്. എന്നാല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് അപേക്ഷയ്ക്ക് അംഗീകാരം ലഭിക്കാന്‍ താമസിക്കുകയായിരുന്നു.
ചീറ്റ ട്രാന്‍സ് ലൊക്കേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടമായാണ് 12 ചീറ്റകള്‍ രാജ്യത്തെത്തുന്നത്. ഇന്ത്യയില്‍ അന്യം നിന്നു പോയ ചീറ്റയുടെ വംശത്തെ പുനരുജ്ജീവിപ്പിക്കുന്നതിനായി നടപ്പിലാക്കിയ പദ്ധതിയാണ് ആക്ഷന്‍ പ്ലാന്‍ ഫോര്‍ റീഇന്‍ട്രൊഡക്ഷന്‍ ഓഫ് ചീറ്റ ഇന്‍ ഇന്ത്യ. ഈ പദ്ധതി നടപ്പിലാക്കിയത് വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് 14 ഓളം ചീറ്റകളെ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി.
വംശനാശം സംഭവിച്ച ചീറ്റകളുടെ വംശത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ തിരികെയെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ചീറ്റകളെ കൊണ്ടു വരുന്നതില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അവസാന ചുവടുവെയ്പ്പായി ധാരണാ പത്രം ഒരാഴ്ചയ്ക്കുളളില്‍ തയ്യാറാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യൂണിയന്‍ ഫോറസ്റ്റ് ഡയറക്ടര്‍ ജനറല്‍ ചന്ദ്ര പ്രകാശ് ഗോയല്‍, നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി അംഗം സെക്രട്ടറി എസ്.പി യാദവ്, വനം വകുപ്പ് മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാകും ചീറ്റകളെ ഇന്ത്യയില്‍ എത്തിക്കുക.
കഴിഞ്ഞ സെപ്റ്റംബറില്‍ പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ നമീബിയയില്‍ നിന്നും എട്ട് ചീറ്റകളെ എത്തിച്ചിരുന്നു. അഞ്ച് പെണ്‍പുലികളും മൂന്ന് ആണ്‍ പുലികളുമാണ് മധ്യപ്രദേശില്‍ ആദ്യമെത്തിയത്. ഇവ ഇന്ത്യയില്‍ സുരക്ഷിതരായും ആരോഗ്യവാന്‍മാരായും കഴിഞ്ഞു വരികയാണ്. ഇതോടെയാണ് കൂടുതല്‍ ചീറ്റകളെ എത്തിക്കാന്‍ തീരുമാനിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.