'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ 'എന്ന പുസ്തകം വായിച്ച് എന്റെ തലയ്ക്കു പിടിച്ചിരിക്കുന്ന സമയം. ഞാൻ അന്ന് ഏഴിലോ എട്ടിലോ എന്നു തൊന്നുന്നു. ചാച്ചാജിയും ഇന്ദിരാജിയും ആരാധനാ പാത്രങ്ങളായി എന്റെ തലയിൽ കയറിക്കൂടി. അങ്ങിനെ ഇരിക്കുമ്പോഴാണ് പട്ടാളത്തിലായിരുന്ന ചാച്ചൻ ലീവിൽ വന്നത്. അത്തവണ ചാച്ചൻ എനിക്ക് ഒരു സമ്മാനം കൊണ്ടുവന്നു. കുറെ പേപ്പറുകൾ അടുക്കിക്കെട്ടിയ ഒരു ഫയൽ. അത് എന്റെ കയ്യിൽ തന്നിട്ട് ചാച്ചൻ പറഞ്ഞു "മോളെ ഇത് നിനക്കാണ് , സമയം പോലെ വായിക്കണം". ഞാൻ അത് വാങ്ങി തുറന്നുനോക്കി. കണ്ടാൽ എഴുത്തുകൾ എന്നു തോന്നുന്ന കുറെ കടലാസുകൾ ഒരുമിച്ച് കെട്ടി ഫയലിൽ ആക്കിയിരിക്കുന്നു. എനിക്ക് ആകാംക്ഷ ആയി. ഞാൻ ഓരോന്നും എടുത്തു വായിച്ചു. എല്ലാം എനിക്കുള്ള കത്തുകൾ . ഓരോഎഴുത്തും വിജ്ഞാനത്തിൻറെ ഓരോ ശകലങ്ങൾ.
ചാച്ചൻ ആഎഴുത്തുകൾ എഴുതിയപ്പോൾ ആയിരുന്ന രാജസ്ഥാനിലെ താർ മരുഭൂമിയെക്കുറിച്ച് അതോടൊപ്പം സഹാറ മരുഭുമി ഉൾപ്പെടെയുള്ള ലോകത്തിലെ മറ്റു മരുഭൂമികളെക്കുറിച്ച് , ഇൻഡ്യാ മഹാരാജ്യത്തെക്കുറിച്ച് അതിന്റെ സാസ്കാരിക പൈതൃകത്തെ കുറിച്ച്, ലോകരാഷ്ട്രങ്ങളെക്കറിച്ച് അവയുടെ നേതാക്കളെ കുറിച്ച്, രാജ്യസ്നേഹത്തെ ക്കുറിച്ച്, സ്വാതത്ര്യ സമരത്തെക്കുറിച്ച്, ലോകമഹാത്ഭുതങ്ങളെ കുറിച്ച് അങ്ങനെ പൊതുവിജ്ഞാനത്തിന്റെ ഒരു കൂമ്പാരമായിരുന്നു ആ കടലാസുകളിൽ .അത് വായിച്ചുതീർത്ത ഞാൻ വീണ്ടും പോയിഎത്തിനിന്നത് 'ഒരച്ഛൻ മകൾക്കയച്ച കത്തുക'ളിൽ ആണ്. വല്ലാത്ത സാദൃശ്യം തോന്നി. അന്ന് ഞാൻ ഒരു തീരുമാനം എടുത്തു; വലുതായി, ജോലിയായി സ്വന്തം കാലിൽ നിൽക്കുമ്പോൾ ഈ എഴുത്തുകൾ പുസ്തക രൂപത്തിൽ പുറത്തിറക്കും. അന്ന് ഞാൻ ആ പുസ്തകത്തിനൊരു പേരും കണ്ടെത്തി ' താർ മരുഭൂമയിൽ നിന്നും...' ആ ഫയൽ ഭദ്രമായി എന്റെ അലമാരയുടെ ഏറ്റവും താഴത്തെ തട്ടിൽ സൂക്ഷിച്ചു വച്ചു .
പിന്നീട് ആ തീരുമാനം ഓർത്ത് ഞാൻ ഒരുപാട് ദുഖിച്ചു. എന്ത് തീരുമാനം എന്നല്ലെ? അലമാരയുടെ ഏറ്റവും താഴത്തെ തട്ടിൽ സൂക്ഷിക്കാൻ എടുത്ത തീരുമാനം. അതിലേക്ക് പിന്നീട് വരാം. ചാച്ചൻ ആർമിയിൽ ജോലി ചെയ്തിരുന്ന കാലമായിരുന്നു അത്. ആർമി ജനറൽ ഓഫീസറുടെ പേഴ്സണൽ അസിസ്റ്റന്റ് ആയിരുന്നു ചാച്ചൻ. അക്കാലങ്ങളിൽ മാറിമാറിവന്ന പ്രധാനമന്ത്രിമാരുടെയും പ്രസിഡണ്ട്മാരുടെയും കീഴിൽ ആർമി ജനറലിനോപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രധാനപ്പെട്ട പല ആഭ്യന്തര കാര്യങ്ങളുടെ ചർച്ചകളിലും പങ്കെടുത്തിട്ടുമുണ്ട് . അതുകൊണ്ട് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ അടിയൊടുക്കുകൾ വളരെ കൃത്യമായി മനസ്സിലാക്കുവാൻ ചാച്ചന് ഇന്നും ആവുന്നു . ഒരു ദിനപ്പത്രത്തിലെ തലക്കെട്ട് കണ്ടാൽ അതിന്റെ പിന്നിൽ എന്താണ് എന്ന് കൃത്യമായി ഇന്നും പറയാനാവുന്നു ചാച്ചന് . ചാച്ചന്റെ ഒപ്പം ഇന്ത്യക്ക് അകത്തും പുറത്തും ചുറ്റി സഞ്ചരിച്ച എന്റെ കുട്ടിക്കാലം എന്നും കൗതുകങ്ങൾ നിറഞ്ഞതായിരുന്നു. പല രാജ്യങ്ങളിലെ ഇന്ത്യൻ എമ്പസികളിലും ജോലിയുടെ ഭാഗമായി ചാച്ചന് പോകേണ്ടി വന്നപ്പോൾ അവിടെ എല്ലാം ഒപ്പം പോകാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടായി. ഈ ലോകപരിചയവും അനുഭവജ്ഞാനവും എല്ലാം ആ കടലാസുകളിൽ പ്രതിഫലിച്ചു.
ഇനി എഴുത്തിന്റെ പശ്ചാത്തലം. പട്ടാളക്കാർ അവരുടെ യൂണിറ്റ് ഇടയ്ക്കിടെ മറ്റു സ്ഥലങ്ങളിലേക്ക് 'മൂവ് 'ചെയ്യാറുണ്ട്. അത് പലപ്പോഴും ട്രെയിനിങ്ങിന്റെ ഭാഗമായാണ് . അന്ന് അവരുടെ യൂണിറ്റ് മൂവ് ചെയ്തത് രാജസ്ഥാനിലെ താർ മരുഭൂമിയിലേക്ക് . അവിടെ എത്തിക്കഴിഞ്ഞാൽ പിന്നെ , തിരിച്ചു വരും വരെ എഴുത്തുകുത്തുകൾ ഒന്നും ഇല്ല . അന്ന് ഫോൺ പ്രചാരത്തിൽ ഇല്ലാത്ത കാലം . യാതൊരു കമ്മ്യൂണിക്കേഷനും ഇല്ല പുറം ലോകവുമായി . അവിടെ ആയിരുന്നപ്പോഴാണ് ആ എഴുത്തുകൾ ചാച്ചൻ എഴുതിയത്, അയക്കാൻ സാധിക്കില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ. അങ്ങനെ എല്ലാ ദിവസവും എനിക്കുവേണ്ടി എഴുതിയ എഴുത്തുകൾ ഒരുമിച്ചു കൂട്ടി വച്ച് ആണ് , അടുത്ത അവധിക്കു വന്നപ്പോൾ അത് എനിക്ക് ചാച്ചൻ സമ്മാനമായി തന്നത്. എനിക്ക് എഴുത്തു എഴുതുന്നത് അതിനുമുൻപും ചാച്ചന് ഒരു പതിവായിരുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ എഴുത്തുകൾ മുടങ്ങാതെ എനിക്ക് എഴുതാറുണ്ടായിരുന്നു.
ഞങ്ങൾ കുട്ടനാട്ടുകാരാണ്. വർഷകാലം എന്നാൽ ഞങ്ങൾക്ക് വെള്ളപ്പൊക്കത്തിന്റെ കാലം . ചിലപ്പോൾ മുന്നറിയിപ്പ് ഇല്ലാതെ മലവെള്ളം ഒഴുകിയൊലിച്ചു വരും . ആറ് നിറഞ്ഞു കവിഞ്ഞൊഴുകും. ഞങ്ങളുടെ വീട് മണിമലയാറിന്റ തീരത്ത്. അന്ന് രാത്രിയിലും പതിവുപോലെ ഞങ്ങൾ ഉറങ്ങാൻ പോയി. ഒരുറക്കം കഴിഞ്ഞ് ഉണർന്ന ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു . നിശബ്ദതയ്ക്ക് പതിവിലും ഖനം ! ചീവീടുകളുടെ ശബ്ദമോ ചെറിയ ചാലുകളിൽ കൂടി വെള്ളം ഒഴുകുന്ന ശബ്ദമോ കേൾക്കാനില്ല ; ആകെ പേടിപ്പെടുത്തുന്ന ഒരു നിശബ്ദത അനുഭവപ്പെട്ടു . അതേസമയം പതിവിൽ കൂടുതൽ കുളിരും ഉണ്ടെന്നു തോന്നി . വളരെ അത്ഭുതപ്പെടുത്തുന്ന ഒന്ന് , വെള്ളത്തിന്റെ ചെറിയ ശബ്ദം ഇടയ്ക്കു കേൾക്കുന്നു , കാതിന്റെ തൊട്ടടുത്ത് എന്നപോലെ .
ആകാംഷ മൂത്ത ഞാൻ പെട്ടെന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു . അന്ന് മുട്ടിനുമുകളിൽ വരെ നീണ്ടി കിടന്നിരുന്ന മുടി , കുളികഴിഞ്ഞു ഉണങ്ങാനായി കട്ടിലിലിന്റെ വശത്തുകൂടെ താഴേക്ക് ഇട്ടിരുന്നു . എഴുന്നേറ്റു തുടങ്ങിയപ്പോൾ മുടിക്ക് ഒരു വല്ലാത്ത ഭാരം തോന്നി , ഒപ്പം വെള്ളം ഒലിച്ചു വീഴുന്ന ശബ്ദവും . ചാടി എഴുന്നേറ്റു , കാലുകൾ കുത്തിയത് വെള്ളത്തിലേക്ക് . ഒന്നും മനസ്സിലായില്ല ; സ്വപ്നം എന്നോർത്തു . അല്പം കഴിഞ്ഞു ലൈറ്റ് ഓൺ ചെയ്തു. വെളിച്ചത്തിൽ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു . വീടിനകത്തു വെള്ളം; ചെരുപ്പ് , പാത്രങ്ങൾ , തേങ്ങാ മുതലായവ ഒഴുകിനടക്കുന്നു . പെട്ടെന്ന് എല്ലാവരെയും വിളിച്ചുണർത്തി ;
ഞങ്ങൾ ആ സത്യം അറിഞ്ഞു, മണിമല ആറു കവിഞ്ഞൊഴുകിയിരിക്കുന്നു ,വെള്ളപ്പൊക്കം നാട്ടിലെങ്ങും . പെട്ടെന്നാണ് മിന്നലേറ്റതുപോലെ എന്റെ തലയിലേക്ക് ആ ചിന്ത ഓടിവന്നത് ; ഞാൻ സൂക്ഷിച്ചു വച്ച ഫയൽ!! . വെള്ളത്തിൽക്കൂടി അടുത്ത മുറിയിലേക്ക് ഓടി .അലമാരയുടെ താഴത്തെ തട്ട് മുഴുവൻ വെള്ളത്തിൽ .നെഞ്ചിടിപ്പോടെ താഴത്തെ തട്ട് പരിശോധിച്ചു , എന്റെ ഫയൽ !!! കുതിർന്നു, തൊട്ടാൽ അടന്നുപോകുന്ന പരുവത്തിൽ !!! രണ്ടുകൈകൊണ്ടും വാരിയെടുത്തു , പിറ്റേദിവസം വെയിലത്തു വച്ച് ഉണക്കി എടുക്കാൻ നോക്കി. എല്ലാം വൃഥാവിൽ ! മഷി കലങ്ങി കടലാസുമായി ചേർന്നിരിക്കുന്നു . ഒന്നും ചെയ്യാനാവില്ല ..... ആ കടലാസിലെ അക്ഷരങ്ങളെ മലവെള്ളം ഒഴുക്കിക്കൊണ്ടുപോയി എന്ന സത്യം അംഗീകരിക്കാൻ എനിക്ക് ഏറെ ദിവസങ്ങൾ വേണ്ടിവന്നു . അങ്ങനെ ഭാവിയിൽ നിറവേറ്റാൻ ഞാൻ കരുതിവച്ചിരുന്ന 'താർമരുഭൂമിയിൽനിന്നും...'എന്ന എന്റെ സ്വപ്നം, മണിമലയാറ്റിൽ ലയിച്ച് , ഒഴിക്കിനൊപ്പം അറബിക്കടലിനോട് ചേർന്നു .
(സിസിലി ജോൺ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.