മാങ്ങ മോഷണക്കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടും; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

മാങ്ങ മോഷണക്കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടും; കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

കോട്ടയം: മാങ്ങ മോഷണക്കേസിലെ പ്രതിയായ പൊലീസുകാരനെ പിരിച്ചുവിടാന്‍ തീരുമാനം. ഇതിനു മുന്നോടിയായി ഇടുക്കി എസ്.പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇടുക്കി എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ സിപി ഷിഹാബിനെതിരെയാണ് നടപടിയെടുക്കുന്നത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാര്‍ക്കെതിരായ നടപടിയുടെ തുടര്‍ച്ചയായിട്ടാണ് തീരുമാനം. പതിനഞ്ച് ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നോട്ടീസിലെ നിര്‍ദേശം. മറുപടി കിട്ടിയശേഷമാകും അന്തിമ നടപടി.

മാങ്ങ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി. കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് പുലര്‍ച്ചെയാണ് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടായ സംഭവം ഉണ്ടായത്. കോട്ടയത്തു നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ്ഇടുക്കി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാങ്ങകള്‍ മോഷ്ടിച്ചത്.

വില്‍പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

പിന്നീട് ഒത്തുതീര്‍പ്പു ശ്രമങ്ങളെത്തുടര്‍ന്ന് കടയുടമ പൊലീസുകാരനെതിരെയുള്ള പരാതി പിന്‍വലിച്ചു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ സല്‍പേരിനു കളങ്കം വരുത്തിയെന്ന് ആരോപിച്ച് ഷിഹാബിനെ പിരിച്ചുവിടാന്‍ എസ്പി ആഭ്യന്തര വകുപ്പിന് ശുപാര്‍ശ ചെയ്തു.

മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലും പ്രതിയാണ് ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷ്ടിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.