യു.എസ് വെടിവെച്ചിട്ട അജ്ഞാത വസ്തുക്കളിന്മേല്‍ ആശങ്ക അകലുന്നു; ഗവേഷണത്തിനോ പരസ്യത്തിനോ വേണ്ടിയുള്ളതായിരിക്കാമെന്ന് വിദഗ്ധര്‍

യു.എസ് വെടിവെച്ചിട്ട അജ്ഞാത വസ്തുക്കളിന്മേല്‍ ആശങ്ക അകലുന്നു; ഗവേഷണത്തിനോ പരസ്യത്തിനോ വേണ്ടിയുള്ളതായിരിക്കാമെന്ന് വിദഗ്ധര്‍

വാഷിങ്ടണ്‍: ചൈനയുടെ ചാര ബലൂണിനു പിന്നാലെ അമേരിക്ക വെടിവെച്ചിട്ട മൂന്ന് പറക്കും അജ്ഞാത വസ്തുക്കള്‍ വാണിജ്യ ആവശ്യത്തിനോ, ഗവേഷണത്തിനോ ഉള്ള അപകട രഹിതമായ ബലൂണുകളായിരിക്കാമെന്ന നിഗമനവുമായി മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍. അജ്ഞാത വസ്തുക്കള്‍ ചൈനയുടെ ചാര പ്രവര്‍ത്തനമാണോ മറ്റേതെങ്കിലും രാജ്യത്തിന്റെ നിരീക്ഷണ പദ്ധതിയാണോ എന്നു സ്ഥിരീകരിക്കാനുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.

പത്തു ദിവസത്തിനിടെ നാലു തവണയാണ് ആകാശത്ത് സംശയാസ്പദമായ രീതിയില്‍ കണ്ട അജ്ഞാത വസ്തുക്കളെ യു.എസ്. വെടിവെച്ചിട്ടത്. ഫെബ്രുവരി നാലിനാണ് ആദ്യത്തെ ചൈനീസ് ചാര ബലൂണ്‍ വെടിവെച്ചത്. പിന്നാലെ അലാസ്‌കയിലും കാനഡ-അമേരിക്ക അതിര്‍ത്തിപ്രദേശങ്ങളിലും അജ്ഞാത വസ്തുക്കളെ കണ്ടെത്തി. ഇവയും യു.എസ്. വെടിവെച്ചു വീഴ്ത്തിയിരുന്നു.

ഈ മൂന്ന് അജ്ഞാത വസ്തുക്കളുടെ ഉടമസ്ഥത അവകാശപ്പെടാന്‍ ആരും മുന്നോട്ട് വന്നിട്ടില്ല. വാണിജ്യപരമോ ഗവേഷണപരമോ ആയ ആവശ്യങ്ങള്‍ക്കായി ഇത്തരത്തിലുള്ള വസ്തുക്കള്‍ സ്വകാര്യമായി പ്രവര്‍ത്തിപ്പിച്ചതായിരിക്കാമെന്നാണ് ചില വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം - കിര്‍ബിയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമമായ ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇത്തരം വസ്തുക്കള്‍ സിവിലിയന്‍ ഡ്രോണുകളോ, വാണിജ്യാവശ്യത്തിനോ അല്ലെങ്കില്‍ പരസ്യത്തിനോ വേണ്ടിയുള്ള ബലൂണുകളോ ആയിരിക്കാമെന്നു നിഗമനമുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു. ഒട്ടും ദോഷകരമല്ലാത്ത ഉദ്ദേശ്യങ്ങള്‍ക്കായി രാജ്യങ്ങള്‍, കമ്പനികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ ഇത്രയും ഉയരത്തില്‍ വസ്തുക്കള്‍ അയയ്ക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനീസ് ചാര ബലൂണില്‍ നിന്ന് മൂന്ന് അജ്ഞാത വസ്തുക്കള്‍ക്ക് കാര്യമായ വ്യത്യാസമുണ്ട്.
കാനഡയ്ക്ക് അകാശത്ത് യുഎസ് യുദ്ധവിമാനം വെടിവെച്ച് വീഴ്ത്തിയ അജ്ഞാത വസ്തു ചെറിയ മെറ്റാലിക് ബലൂണ്‍ ആയിരുന്നു. വെള്ളിയാഴ്ച അലാസ്‌കയ്ക്കു മുകളില്‍ കണ്ടെത്തിയ വസ്തുവിന് ഒരു ചെറിയ കാറിന്റെ വലിപ്പമായിരുന്നു. ഇവ സംബന്ധിച്ച് വളരെ കുറച്ച് വിശദാംശങ്ങള്‍ മാത്രമാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നതെങ്കിലും ഈ അജ്ഞാത വസ്തുക്കള്‍ ഏതെങ്കിലും നിരീക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നില്ല എന്നത് അമേരിക്കയ്ക്കു വലിയ ആശ്വാസം പകരുന്നുണ്ട്.

അതേസമയം, യുഎസ്, കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ വെടിവെച്ചിട്ട മൂന്ന് വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

അതിനിടെ, കുടിയേറ്റ പ്രശന്ം മുതല്‍ ഉക്രെയ്ന്‍ യുദ്ധം വരെയുള്ള എല്ലാ കാര്യങ്ങളില്‍ നിന്നും അമേരിക്കക്കാരെ വ്യതിചലിപ്പിക്കാനുള്ള തന്ത്രമാണ് ഈ ഉപകരണങ്ങള്‍ എന്ന ഗൂഢാലോചന സിദ്ധാന്തങ്ങളും വ്യാപകമായി പ്രചരിക്കുന്നു. അന്യഗ്രഹജീവികളാണെന്ന മട്ടിലുള്ള ഓണ്‍ലൈന്‍ പോസ്റ്റുകളും വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.

വെള്ളിയാഴ്ച മുതല്‍ മൂന്ന് ദിവസത്തെ കാലയളവില്‍ വെടിവച്ച മൂന്ന് വസ്തുക്കള്‍ ജനങ്ങള്‍ക്ക് ഒരു ഭീഷണിയും സൃഷ്ടിച്ചില്ലെന്നും സിഗ്‌നലുകളൊന്നും അയച്ചിട്ടില്ലെന്നും കിര്‍ബി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.