ഗബ്രിയേല്‍ ചുഴലിക്കാറ്റ്: ന്യൂസീലന്‍ഡില്‍ മരണം അഞ്ചായി; കനത്ത നാശനഷ്ടം, മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഗബ്രിയേല്‍ ചുഴലിക്കാറ്റ്: ന്യൂസീലന്‍ഡില്‍ മരണം അഞ്ചായി; കനത്ത നാശനഷ്ടം, മഴ തുടരുമെന്ന് മുന്നറിയിപ്പ്

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ ഗബ്രിയേല്‍ ചുഴലിക്കാറ്റിനെതുടര്‍ന്നുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം അഞ്ചായി. 10,500ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചു. കിഴക്കന്‍ പ്രദേശങ്ങളില്‍ മാത്രം 9,000 പേരാണ് ഭവനരഹിതരായത്. ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് തെക്കന്‍ പസഫിക് മേഖലയിലേക്ക് നീങ്ങിയതോടെ കനത്ത മഴയിലും കാറ്റിലും പെട്ട് ദിവസങ്ങളായി ഒറ്റപ്പെട്ട് കിടന്ന നോര്‍ത്ത് ഐലന്‍ഡിലെ ഹോക്ക്‌സ് ബേ അടക്കമുള്ള മേഖലകളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇന്നലെ എത്താനായി.

വെള്ളപ്പൊക്ക ദുരിതം നേരിടുന്നതിനിടെ ഇടത്തീ പോലെ കഴിഞ്ഞ ദിവസം രാജ്യത്ത് ശക്തമായ ഭൂകമ്പം ഉണ്ടായത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കി. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആള്‍നാശമുണ്ടായില്ല എന്നതാണ് ആശ്വാസം പകരുന്നത്.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയവരെ സൈനിക മിലിട്ടറി ഹെലികോപ്റ്ററുകള്‍ രക്ഷപെടുത്തി. രാജ്യത്ത് 140,000 ആളുകള്‍ വൈദ്യുതിയില്ലാതെ കഴിയുകയാണ്. ഫെബ്രുവരി എട്ടിന് കോറല്‍ കടലില്‍ ഓസ്‌ട്രേലിയയുടെ വടക്ക് കിഴക്കന്‍ തീരത്ത് രൂപപ്പെട്ട ഗബ്രിയേല്‍ ചുഴലിക്കാറ്റ് മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ ഞായറാഴ്ചയാണ് ന്യൂസീലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡില്‍ തീരംതൊട്ടത്.

ചുഴലിക്കാറ്റ് ന്യൂസീലന്‍ഡിലെ പല പ്രദേശങ്ങളിലും വന്‍ നാശമുണ്ടാക്കി. വെള്ളപ്പൊക്കത്തില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കൃഷിയിടങ്ങളും കന്നുകാലികളും ഒലിച്ചുപോയി. വീടുകള്‍ വെള്ളത്തിനടിയിലായി. ആളുകള്‍ പല സ്ഥലങ്ങളിലും ഒറ്റപ്പെട്ടു.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു പോയ വീടുകളുടെ മേല്‍ക്കൂരകളില്‍ നിന്ന് നൂറുകണക്കിന് പേരെ സൈനിക ഹെലികോപ്റ്ററുകള്‍ രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

ന്യൂസീലന്‍ഡിന് മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഓസ്ട്രേലിയയില്‍നിന്നുള്ള 25 ദുരന്ത നിവാരണ വിദഗ്ധര്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എത്തുമെന്നും ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് അറിയിച്ചു.

കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ന്യൂസിലന്‍ഡില്‍ ദേശീയ അടിയന്തരാവസ്ഥ തുടരുകയാണ്. വെള്ളപ്പൊക്കമുണ്ടായ കിഴക്കന്‍ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്ന് രാജ്യത്തിന്റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.