ത്രിപുരയില്‍ കനത്ത പോളിങ്; ചിലയിടങ്ങളില്‍ സംഘര്‍ഷം

ത്രിപുരയില്‍ കനത്ത പോളിങ്; ചിലയിടങ്ങളില്‍ സംഘര്‍ഷം

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ത്രിപുരയില്‍ മികച്ച പോളിങ്. 81 ശതമാനം പോളിങ്ങാണ് വൈകിട്ട് നാലിന് ഔദ്യോഗിക വോട്ടിങ് അവസാനിക്കുമ്പോള്‍ രേഖപ്പെടുത്തിയത്.

ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെ പ്രധാന പാര്‍ട്ടികളിലെ നേതാക്കള്‍ താനുമായി സംസാരിച്ചെന്ന് തിപ്ര മോത പാര്‍ട്ടി അധ്യക്ഷന്‍ പ്രത്യുദ് ദേബ് ബര്‍മന്‍ വെളിപ്പെടുത്തി.

ബിജെപിയും, സിപിഎം കോണ്‍ഗ്രസ് സഖ്യവും തിപ്ര മോതയും പ്രചാരണത്തില്‍ കാണിച്ച മത്സരം തിരഞ്ഞെടുപ്പ് ദിനത്തിലും പ്രതിഫലിച്ചു. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാനുള്ള ശ്രമം എല്ലാ പാര്‍ട്ടികളും നടത്തി.

ശാന്തിര്‍ബസാര്‍, ധന്‍പൂര്‍, ഹൃഷ്യാമുഖ്, ബെലൂനിയ തുടങ്ങിയിടങ്ങളില്‍ ബിജെപി സിപിഎം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വോട്ടര്‍മാരെ ബിജെപി വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് സിപിഎം കോണ്‍ഗ്രസ് തിപ്ര മോത പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

കനത്ത സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി മണിക് സാഹ, ബിജെപി അധ്യക്ഷന്‍ രാജിബ് ഭട്ടാചാര്‍ജി തുടങ്ങിയവര്‍ അവരുടെ മണ്ഡലങ്ങളില്‍ വോട്ട് ചെയ്തു.

അമിത് ഷായും രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും തന്നോട് സംസാരിച്ചെന്ന് തിപ്രമോത പാര്‍ട്ടി നേതാവ് പ്രത്യുദ് ദേബ് ബര്‍മന്‍ അവകാശപ്പെട്ടു. തൂക്കു നിയമസഭയെങ്കില്‍ തിപ്ര മോതയുടെ നിലപാട് നിര്‍ണായകമാകും.

കഴിഞ്ഞ തവണ 36 സീറ്റ് നേടിയാണ് ബിജെപി അധികാരം പിടിച്ചത്. ഒരു ശതമാനം മാത്രമുള്ള വോട്ട് വ്യത്യാസം കോണ്‍ഗ്രസ് ധാരണയിലൂടെ മറികടക്കാമെന്നാണ് ഇത്തവണ സിപിഎം പ്രതീക്ഷ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.