ഇന്ത്യ-ജപ്പാന്‍ സംയുക്ത സൈനികാഭ്യാസം 'ധര്‍മ ഗാര്‍ഡിയന്റെ' നാലാം പതിപ്പ് ഇന്നാരംഭിക്കും

 ഇന്ത്യ-ജപ്പാന്‍ സംയുക്ത സൈനികാഭ്യാസം 'ധര്‍മ ഗാര്‍ഡിയന്റെ' നാലാം പതിപ്പ് ഇന്നാരംഭിക്കും

ന്യൂഡല്‍ഹി: ഇന്ത്യ-ജപ്പാന്‍ സംയുക്ത പരിശീലന അഭ്യാസമായ ധര്‍മ ഗാര്‍ഡിയന്റെ നാലാം പതിപ്പ് ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് രണ്ട് വരെ ജപ്പാനിലെ ഷിഗ പ്രവിശ്യയിലെ ക്യാമ്പ് ഇമാസുവില്‍ നടക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ ആര്‍മിയും ജാപ്പനീസ് ഗ്രൗണ്ട് സെല്‍ഫ് ഡിഫന്‍സ് ഫോഴ്സും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ നിലവാരം ധര്‍മ ഗാര്‍ഡിയന്‍ കൂടുതല്‍ വര്‍ധിപ്പിക്കുമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ-ജപ്പാന്‍ സംയുക്ത പരിശീലന അഭ്യാസം വനങ്ങള്‍, അര്‍ദ്ധ നഗരങ്ങള്‍, നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്ലാറ്റൂണ്‍ തലത്തിലുള്ള സംയുക്ത പരിശീലനം കൂടി ഉള്‍ക്കൊള്ളുന്നതാണ്. ഇന്ത്യന്‍ ആര്‍മിയുടെ ഗര്‍വാള്‍ റൈഫിള്‍സ് റെജിമെന്റിന്റെ സൈനികരും ജപ്പാന്‍ ഗ്രൗണ്ട് സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിന്റെ മിഡില്‍ ആര്‍മിയില്‍ നിന്നുള്ള ഒരു ഇന്‍ഫന്‍ട്രി റെജിമെന്റും സംയുക്ത പരിശീലന അഭ്യാസത്തില്‍ പങ്കെടുക്കും.

സംയുക്ത അഭ്യാസ വേളയില്‍, ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിന് ഓപ്പറേഷനുകളില്‍ നേടിയ അനുഭവങ്ങള്‍ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ പങ്കിടും. ഇരു സൈന്യങ്ങളും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനക്ഷമത, സൗഹൃദം എന്നിവ വികസിപ്പിക്കുന്നതിനൊപ്പം യുഎന്‍ ഉത്തരവിന് കീഴിലുള്ള തന്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതികള്‍, സാങ്കേതികതകള്‍, നടപടിക്രമങ്ങള്‍ എന്നിവയിലെ മികച്ച രീതികള്‍ പങ്കിടാന്‍ സംയുക്ത അഭ്യാസം ഇരു സൈന്യങ്ങളെയും പ്രാപ്തമാക്കും.

പരിശീലനം പ്രാഥമികമായി ഉയര്‍ന്ന ശാരീരിക ക്ഷമതയിലും തന്ത്രപരമായ തലത്തില്‍ അഭ്യാസങ്ങള്‍ പങ്കിടുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. അഭ്യാസ വേളയില്‍, പങ്കാളികള്‍ സംയുക്ത ആസൂത്രണം മുതല്‍ സംയുക്ത തന്ത്രപരമായ അഭ്യാസങ്ങള്‍ വരെയുള്ള വിവിധ ദൗത്യങ്ങളില്‍ ഏര്‍പ്പെടും. സംയുക്ത അഭ്യാസം ഇരു സൈന്യങ്ങള്‍ക്കും പരസ്പരം നന്നായി അറിയുന്നതിനും അവരുടെ വിശാലമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.