ഒളി ക്യാമറ വിവാദം: ബിസിസിഐ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു

ഒളി ക്യാമറ വിവാദം: ബിസിസിഐ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മ രാജിവച്ചു

ന്യൂഡല്‍ഹി: വിവാദ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ബി.സി.സി.ഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ രാജിവച്ചു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായ്ക്ക് രാജി സമര്‍പ്പിച്ചതായാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച് ബി.സി.സി.ഐ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ ടീം ഇന്ത്യയുടെ സെലക്ഷന്‍ രഹസ്യങ്ങളും ടീം അംഗങ്ങളുടെ പരിക്കിനെപ്പറ്റിയുള്ള വിവരങ്ങളുമൊക്കെ ചേതന്‍ ശര്‍മ്മ പറഞ്ഞത് ഏറെ വിവാദമായിരുന്നു. മലയാളി താരം സഞ്ജു സാംസണിനെ ടീമിലെടുക്കാത്തതിനെക്കുറിച്ചും ഹാര്‍ദിക് പാണ്ഡ്യ അടക്കമുള്ളവരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്നറിയാതെ ചേതന്‍ ശര്‍മ്മ വാചാലനാവുകയായിരുന്നു.

മാത്രമല്ല, പരിക്ക് മറച്ചുവച്ച് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങുന്നതിനെപ്പറ്റിയും ചേതന്‍ ശര്‍മ വെളിപ്പെടുത്തിയിരുന്നു.

ചേതന്‍ ശര്‍മ്മയുടെ പ്രധാന വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

1. മലയാളി താരം സഞ്ജു സാംസണിന് ഇനി ദേശീയ ടീമിലെ സ്ഥാനം തുലാസിലാണ്. ബംഗ്ലാദേശിനെതിരെയുള്ള ഏകദിന മത്സരത്തില്‍ ഇഷാന്‍ കിഷന്‍ ഡബിള്‍ സെഞ്ച്വറി നേടിയതാണ് സഞ്ജു സാംസണ്‍, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ കരിയര്‍ അപകടത്തിലാക്കിയത്. സഞ്ജുവിനെ ടീമിലെടുത്തില്ലെങ്കില്‍ ട്വിറ്ററില്‍ ആളുകള്‍ ബി.സി.സി.ഐക്കെതിരേ തിരിയുമെന്ന് ബോദ്ധ്യമുണ്ടായിരുന്നതിനാലാണ് സഞ്ജുവിന് അവസരങ്ങള്‍ നല്‍കിയിരുന്നത്. മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ ഒരേസമയം ടീമില്‍ ഉള്‍പ്പെടുത്താനാവില്ല.
2.ശുഭ്മാന്‍ ഗില്ലിന്റെ മിന്നും ഫോമും ഇവര്‍ക്ക് ടീമിലെത്തുന്നതിനുള്ള തടസമാണ്. രോഹിത്, വിരാട് തുടങ്ങിയവര്‍ക്ക് വിശ്രമം നല്‍കിയത് ഗില്ലിന് കൂടുതല്‍ അവസരം നല്‍കാന്‍ വേണ്ടിയാണ്. അത് ഗില്‍ നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
3. രോഹിത് ശര്‍മ്മ ഇനി ഏറെക്കാലം ട്വന്റി 20യില്‍ ഉണ്ടാകില്ല. ഹാര്‍ദിക് പാണ്ഡ്യ വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ദേശീയ ടീമിന്റെ നായകപദവി ഏറ്റെടുക്കും. ഹാര്‍ദിക്കും രോഹിതും താനുമായി അടുത്ത സൗഹൃദത്തിലാണ്. ഇരുവരും ഇടയ്ക്ക് തന്റെ വീട്ടില്‍ വരികയും നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും ചെയ്യും.
4. രോഹിതും വിരാടും തമ്മില്‍ പിണക്കമില്ലെങ്കിലും ഈഗോ പ്രശ്നങ്ങളുണ്ട്. ഇരുവരുടെയും കൂടെ ഗ്രൂപ്പായി നില്‍ക്കുന്ന ചില കളിക്കാരുണ്ട്. അവരെ ടീമില്‍ നിലനിറുത്താനായി ഇരുവരും ശ്രമിക്കാറുണ്ട്.
5. ടീമിലെ ചില പ്രധാന താരങ്ങള്‍ പൂര്‍ണമായും ഫിറ്റല്ലാതെ കളിക്കാനിറങ്ങുന്നത് പതിവാണ്. ഫിറ്റ്നെസ് തെളിയിക്കുന്നതിനായി ഉത്തേജക മരുന്നുകള്‍ കുത്തിവയ്ക്കാറുണ്ട്. ഡോപ്പിങില്‍ പിടിക്കപ്പെടാത്ത മരുന്നുകള്‍ ഏതൊക്കെയെന്ന് കളിക്കാര്‍ക്ക് അറിയാം. ബുംറയ്ക്ക് കുനിയാന്‍ പോലും കഴിയാതിരുന്നപ്പോഴും ലോകകപ്പില്‍ കളിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഒരു മത്സരമെങ്കിലും കളിപ്പിച്ചില്ലെങ്കില്‍ ഒരു വര്‍ഷം പുറത്തിരിക്കേണ്ടിവന്നേനെ.
6.ബി.സി.സി.ഐ മുന്‍ പ്രസിഡന്റ് സൗരവ് ഗാംഗുലിയും വിരാടും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഗാംഗുലി കാരണമാണ് ക്യാപ്ടന്‍സി സ്ഥാനം നഷ്ടമായതെന്നാണ് വിരാട് കരുതുന്നത്. ഗാംഗുലിയുടെ പല നിര്‍ദേശങ്ങളും വിരാട് അനുസരിച്ചിരുന്നില്ല. യു.എ.ഇയില്‍ നടന്ന ട്വന്റി ട്വന്റി ലോകകപ്പിന് മുന്നോടിയായി വിരാട് ക്യാപ്ടന്‍ സ്ഥാനം ഒഴിയുന്നതായി അറിയിച്ചിരുന്നു. ഒഴിയരുതെന്ന് ഗാംഗുലി നിര്‍ദേശിച്ചെങ്കിലും പിന്‍മാറാന്‍ തയ്യാറായില്ല.
7. ഷോര്‍ട്ട് ഫോര്‍മാറ്റില്‍ രണ്ട് ക്യാപ്ടന്‍മാര്‍ ഇന്ത്യയ്ക്ക് വേണ്ടെന്ന് സെലക്ടര്‍മാര്‍ക്ക് അഭിപ്രായമുണ്ടായിരുന്നതിനാലാണ് രോഹിതിന് ഏകദിന ക്യാപ്ടന്‍സി കൂടി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.