കൂടുതല്‍ ചാറ്റുകള്‍ പുറത്ത്: സര്‍ക്കാരിന് റെഡ് ക്രസന്റ് നല്‍കിയ കത്ത് ശിവശങ്കറിന്റേത്; ലൈഫ് മിഷനില്‍ ഇ.ഡി യു.വി ജോസിനെ ചോദ്യം ചെയ്തു

കൂടുതല്‍ ചാറ്റുകള്‍ പുറത്ത്: സര്‍ക്കാരിന് റെഡ് ക്രസന്റ് നല്‍കിയ കത്ത് ശിവശങ്കറിന്റേത്; ലൈഫ് മിഷനില്‍ ഇ.ഡി യു.വി ജോസിനെ ചോദ്യം ചെയ്തു

തിരുവനന്തപുരം: സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും തമ്മിലുള്ള കൂടുതല്‍ വാട്ട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്. 2019 സെപ്റ്റംബറിലെ വാട്സ്ആപ് ചാറ്റാണിത്. യുഎഇയിലെ റെഡ് ക്രെസന്റിനെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിനെപ്പറ്റിയായിരുന്നു ചാറ്റ്. സര്‍ക്കാരിന് റെഡ് ക്രെസെന്റ് നല്‍കേണ്ട കത്തിന്റെ മാതൃക ശിവശങ്കറാണ് തയ്യാറാക്കിയത്.

കോണ്‍സുലേറ്റിന്റെ കത്ത് കൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ ശിവശങ്കര്‍ നിര്‍ദേശിച്ചു. ഇരു കത്തുകളും തയ്യാറാക്കി തനിക്ക് കൈമാറാനും ശിവശങ്കര്‍ ആവശ്യപ്പെടുന്നതും ചാറ്റിലുണ്ട്. ആവശ്യമെങ്കില്‍ സി. രവീന്ദ്രനെ വിളിക്കാന്‍ സ്വപ്നയോട് പറയുന്നതും സംഭാഷണത്തിലുണ്ട്. ലൈഫ് മിഷന്‍ ഇടപാടില്‍ യുഎഇ റെഡ് ക്രസന്റിനെ എത്തിക്കാന്‍ ശിവശങ്കര്‍ ആസൂത്രിത നീക്കം നടത്തിയെന്ന നിലയിലാണ് ഇ.ഡിയും സി.ബി.ഐയും ചാറ്റിനെ കാണുന്നത്.

ശിവശങ്കറിന്റെയും സ്വപ്നയുടെയും ഫോണുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ നിന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ലഭിച്ചത്. ഒരു ദിവസം ഉച്ചയ്ക്ക് 1.32 ന് ശേഷം നടത്തിയ ചാറ്റുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

തന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കര്‍ സ്വപ്ന തുറന്നപ്പോഴെല്ലാം വിവരം ശിവശങ്കറിനെ അറിയിച്ചിട്ടുണ്ടെന്ന് ഇന്നലെ ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്.

അതിനിടെ ലൈഫ് മിഷന്‍ അഴിമതി കേസില്‍ ചോദ്യം ചെയ്യുന്നതിനായി മുന്‍ സി.ഇ.ഒ യു.വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. റെഡ് ക്രസന്റുമായി കരാര്‍ ഒപ്പിട്ടത് ജോസ് ആയിരുന്നു. ഇതിന് മുമ്പും ജോസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.