ന്യൂഡല്‍ഹി: അദാനിയുമായി ബന്ധപ്പെട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ കേന്ദ്രം കൈമാറാന്‍ ശ്രമിച്ച മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കണമെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുദ്രവച്ച കവര്‍ നിരസിച്ചത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പോലുള്ളവ ഉണ്ടാകുമ്പോള്‍ ഓഹരി വിപണയിലെ ചെറുകിട നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ സമിതിയിലേക്ക് പരിഗണിക്കേണ്ട പേരുകള്‍ സംബന്ധിച്ചും പരിഗണന വിഷയങ്ങള്‍ സംബന്ധിച്ചുമുള്ള ശുപാര്‍ശകളാണ് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറാന്‍ കേന്ദ്രത്തിന് വേണ്ടി സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശ്രമിച്ചത്. റെഗുലേറ്റര്‍ സംവിധാനത്തിന്റെ പോരായ്മകളാണ് വിദഗ്ധ സമിതി പരിശോധിക്കുന്നത്.
എന്നാല്‍ മുദ്രവച്ച കവര്‍ സ്വീകരിച്ചാല്‍ അതിന്റെ ഉള്ളടക്കം കേസിലെ എതിര്‍ കക്ഷികള്‍ക്ക് അറിയാന്‍ കഴിയില്ലെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. എല്ലാം സുതാര്യമായിരിക്കണമെന്നും അതിനാനാണ് മുദ്രവച്ച കവര്‍ സ്വീകരിക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
വിദഗ്ദ്ധ സമിതിയെ സ്വന്തം നിലയ്ക്ക് രൂപീകരിക്കുമെന്നും സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചാല്‍ അത് സര്‍ക്കാര്‍ സമിതി ആണെന്ന വിമര്‍ശനം ഉണ്ടാകുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.