റോബര്‍ട്ട് ജെ. സ്പിറ്റ്‌സര്‍: ശാസ്ത്രവും മതവും തമ്മിലുള്ള പാരസ്പര്യ ചിന്തകള്‍ സംസ്‌കാരത്തിലേക്ക് സന്നിവേശിപ്പിച്ച വൈദികന്‍

റോബര്‍ട്ട് ജെ. സ്പിറ്റ്‌സര്‍: ശാസ്ത്രവും മതവും തമ്മിലുള്ള പാരസ്പര്യ ചിന്തകള്‍ സംസ്‌കാരത്തിലേക്ക് സന്നിവേശിപ്പിച്ച വൈദികന്‍

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച് ഫാ.ജോസഫ് ഈറ്റോലില്‍ തയ്യാറാക്കിയ ലേഖന പരമ്പരയുടെ നാല്‍പ്പത്തൊന്നാം ഭാഗം.

വൈജ്ഞാനിക മേഖല പല കാലഘട്ടങ്ങളിലും പല രീതിയിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എല്ലാം അറിയാന്‍ ശ്രമിക്കുക എന്ന പ്രാചീന മാതൃകയില്‍ നിന്ന് ഇടക്കാലത്ത് ലോകം ഏതെങ്കിലും ഒരു വിഷയത്തെ കൂടുതല്‍ ആഴത്തില്‍ മനസിലാക്കുക എന്ന മാതൃകയിലേക്ക് മാറി സഞ്ചരിച്ചു.

എന്നാല്‍ ഉത്തരാധുനിക യുഗത്തില്‍ പല വിഷയങ്ങള്‍ക്കിടയിലെ പാരസ്പര്യത്തെ അടുത്തറിയുക എന്നതാണ് മനീഷികളുടെ ആഗ്രഹം. അതിനാല്‍ തന്നെ ലോകത്തിന്റെ പല കോണുകളിലായി ഇന്ന് ഇന്റര്‍ ഡിസിപ്ലിനറി കോഴ്‌സുകള്‍ നടത്തുന്ന സ്ഥലങ്ങള്‍ കാണാന്‍ സാധിക്കും. അത്തരത്തില്‍ പല തലങ്ങളിലുള്ള വിഷയങ്ങള്‍ക്കിടയിലെ പരസ്പര്യത്തെ മനസിലാക്കാന്‍ പരിശ്രമിച്ച ഒരാളെയാണ് ഇന്ന് പരിചയപ്പെടുന്നത്.

അമേരിക്കയിലെ ഹവായി പ്രദേശത്ത് 1952 മെയ് 16 നാണ് റോബര്‍ട്ട് ജെ. സ്പിറ്റ്‌സര്‍ ജനിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസം 1970 ല്‍ പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ഗോണ്‍സാഗ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1974 ല്‍ public accounting and finance എന്ന മേഖലയില്‍ ശ്രദ്ധയൂന്നി Bachelor of Business Administration പൂര്‍ത്തിയാക്കി.

തുടര്‍ന്ന് 1978 ല്‍ സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉയര്‍ന്ന ശതമാനത്തില്‍ തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 1983 ല്‍ ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പഠിച്ച എല്ലാ മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച് ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ ആളാണ് റോബര്‍ട്ട് ജെ സ്പിറ്റ്‌സര്‍.

1974 ഓഗസ്റ്റ് 17 ന് അദ്ദേഹം ജെസ്യൂട്ട് സഭയില്‍ ചേര്‍ന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഥമ വ്രതവാഗ്ദാനം നടത്തി. 1983 ജൂണ്‍ 11 ന് പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. 1992 ല്‍ നിത്യവ്രത വാഗ്ദാനം നടത്തി. തന്റെ തിരക്കേറിയ ജീവിതത്തിന്റെ അവസരങ്ങളിലും താന്‍ ഏറ്റുപറഞ്ഞ വ്രതങ്ങള്‍ പാലിക്കാനും പ്രാര്‍ത്ഥനയില്‍ കര്‍ത്താവിനോട് ചേര്‍ന്ന് നില്‍ക്കാനും അദ്ദേഹം സമയം കണ്ടെത്തി.

താന്‍ പഠിച്ച മേഖലകളില്‍ ഗവേഷണം നടത്തി കൂടുതല്‍ വിജ്ഞാനം നേടാനുള്ള താല്‍പര്യത്തില്‍ അദ്ദേഹം വാഷിംഗ്ടണിലെ Catholic University of America യില്‍ നിന്നും തത്വശാസ്ത്രത്തിലും Weston Jesuit School of Theology യില്‍ നിന്നും ദൈവശാസ്ത്രത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി. 1998 മുതല്‍ 2009 വരെ ഗോണ്‍സാഗ യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റ് ആയിരുന്നു.

ഇക്കാലഘട്ടത്തില്‍ വിശ്വാസവും ധാര്‍മികതയും നേതൃത്വവും വളര്‍ത്തുന്നതിനുള്ള കാര്യങ്ങള്‍ അദ്ദേഹം യൂണിവേഴ്‌സിറ്റി കരിക്കുലത്തില്‍ വരുത്തി. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വഴി യൂണിവേഴ്‌സിറ്റി തലത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കും മറ്റുള്ളവര്‍ക്കും തങ്ങളുടെ വിശ്വാസത്തെപ്പറ്റി വിചിന്തനം നടത്താനും ദൈവ ചിന്തയില്‍ മുന്നേറാനും അദ്ദേഹം സഹായിക്കുന്നു.

ഇപ്പോള്‍ Magis Center of Reason and Faith എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് ആണ് റോബര്‍ട്ട് ജെ സ്പിറ്റ്‌സര്‍. ഈ സ്ഥാപനം വിശ്വാസവും യുക്തിയും തമ്മിലുള്ള പാരസ്പര്യം വിദ്യാര്‍ത്ഥികള്‍ക്ക് മനസിലാക്കാന്‍ പാകത്തിനുള്ള ഡോക്യുമെന്ററി, പുസ്തകങ്ങള്‍, കോഴ്‌സുകള്‍, കോളജ് കോഴ്സുകള്‍ തുടങ്ങിയവ നിര്‍മിക്കുന്ന സ്ഥാപനമാണ്. സമകാലീന ഭൗതിക ശാസ്ത്രവും തത്വശാസ്ത്രവും വിശുദ്ധ ഗ്രന്ഥത്തിന്റെ ചരിത്ര പഠനവുമെല്ലാം ഇക്കാര്യത്തിനായി അവര്‍ ഉപയോഗിക്കുന്നു.

പൊതുമാധ്യമങ്ങളില്‍ പല പ്രശസ്തരുമായും വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിഷയങ്ങളില്‍ അദ്ദേഹം സംവാദങ്ങള്‍ക്ക് പോയിട്ടുണ്ട്. Larry King Live എന്ന പരിപാടിയില്‍ സ്റ്റീഫന്‍ ഹോക്കിങ്, ദീപക് ചോപ്ര തുടങ്ങിയവരുമായി ആധുനിക ഭൗതികശാസ്ത്രവും ദൈവവും എന്ന വിഷയത്തെക്കുറിച്ചും the Today Show യില്‍ ദയാവധത്തിന്റെ സാധുതയെക്കുറിച്ചും The History Channel ല്‍ ദൈവവും പ്രപഞ്ചവും എന്ന വിഷയത്തിലുമെല്ലാം അദ്ദേഹം സംവാദങ്ങള്‍ നടത്തി.

EWTN വേണ്ടി 9 പ്രഭാഷണ പരമ്പരകള്‍ ചെയ്യുകയുണ്ടായി. ഇത് കൂടാതെ അനേകം റേഡിയോ പരിപാടികളിലും തന്റെ വിശ്വാസവും ശാസ്ത്രീയ അറിവുകളും പങ്കുവെച്ചു. അതിലുപരി ഈ രണ്ടു വിഷയങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധമാണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളില്‍ കൂടുതലായി കടന്നുവന്നത്.

Evidence for God from Contemporary Physics: Extending the Legacy of Monsignor Georges Lemaître, New Proofs for the Existence of God: Contributions of Contemporary Physics and Philosophy, The Soul's Upward Yearning: Clues to our Transcendent Nature from Experience and Reason തുടങ്ങിയ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിശ്വാസത്തെ ശാസ്ത്രത്തിന്റെ കണ്ണടകള്‍ ഉപയോഗിച്ച് വീക്ഷിക്കാന്‍ സഹായിക്കുന്നവയാണ്.

International Philosophical Quarterly, Philosophy in Science, the Business and Professional Ethics Journal, and the Journal of Ultimate Reality and Meaning തുടങ്ങിയ മാസികകളില്‍ സ്ഥിരമായി എഴുതിയിരുന്നു എന്നത് അദ്ദേഹത്തിന്റെ ബൗദ്ധിക പരിശ്രമങ്ങളെ പൊതുസമൂഹം എത്രത്തോളം മാനിച്ചിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.

Gonzaga University, Seattle University, National Association of Independent Colleges and Universities (NAICU), The Spokane Chamber of Commerce, Caritas In Veritate International,NEXT IT എന്നീ സമിതികളുടെ ഉന്നത തലത്തില്‍ എത്തിച്ചേര്‍ന്നു എന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കാണാക്കാക്കാം.

The Association of Catholic Colleges and Universities, the Association of Jesuit Colleges and Universities, the American Catholic Philosophical Association, the Jesuit Philosophical Association, the Fellowship of Catholic Scholars എന്നീ കത്തോലിക്കാ സഭയുടെ സംവിധാനങ്ങളിലും അദ്ദേഹം ഉന്നത സ്ഥാനങ്ങള്‍ വഹിച്ചു. ഇത് പൊതുവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം സഭാ കാര്യങ്ങളിലും അദ്ദേഹം ശുഷ്‌കാന്തിയോടെ ഏര്‍പ്പെട്ടു എന്നതിന്റെ നിദര്‍ശനമാണ്.

തന്റെ ജീവിതം വഴിയായി ശാസ്ത്രവും മതവും തമ്മിലുള്ള പാരസ്പര്യത്തിന്റെ ചിന്തകള്‍ സംസ്‌കാരത്തിലേക്ക് സന്നിവേശിപ്പിക്കുക എന്നത് നിയോഗമായി സ്വീകരിച്ച വ്യക്തിയാണ് റോബര്‍ട്ട് ജെ. സ്പിറ്റ്‌സര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.