എയർ ഇന്ത്യ മെഗാ ഡീൽ: പുതുതായി എത്തുന്ന 470 വിമാനങ്ങളിലേക്ക് എയർലൈൻസിന് 6,500 പൈലറ്റുമാരെ വേണ്ടിവരുമെന്ന് റിപ്പോർട്ട്

എയർ ഇന്ത്യ മെഗാ ഡീൽ: പുതുതായി എത്തുന്ന 470 വിമാനങ്ങളിലേക്ക് എയർലൈൻസിന് 6,500 പൈലറ്റുമാരെ വേണ്ടിവരുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങൾ വാങ്ങാൻ 80 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചതോടെ എയർലൈൻസിന് 6,500 പൈലറ്റുമാരെ ആവശ്യമായി വന്നേക്കുമെന്ന് റിപ്പോർട്ട്. മാത്രമല്ല മെഗാ ഡീല്‍ പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയില്‍ നേരിട്ടും അല്ലാതെയും രണ്ട് ലക്ഷത്തോളം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടേക്കും.

നിലവിൽ എയർ ഇന്ത്യയുടെ 113 വിമാനങ്ങൾ പ്രവർത്തിക്കാൻ എയർലൈനിന് ഏകദേശം 1,600 പൈലറ്റുമാരുണ്ട്. എയർലൈനിന്റെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ എയർ ഇന്ത്യ എക്സ്പ്രസ്, എയർ ഏഷ്യ ഇന്ത്യ എന്നിവയുടെ 54 വിമാനങ്ങൾ പറത്താൻ ഏകദേശം 850 പൈലറ്റുമാരുണ്ട്.

മാത്രമല്ല സംയുക്ത സംരംഭമായ വിസ്താരയുടെ 53 വിമാനങ്ങൾ പ്രവർത്തിക്കാൻ 600 ലധികം പൈലറ്റുമാരുണ്ടെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതോടെ നിലവിൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നിവയുടെ 220 വിമാനങ്ങൾ മൂവായിരത്തിലധികം പൈലറ്റുമാരാണ് ഉള്ളതെന്നാണ് കണക്കാക്കുന്നത്.

ലോകോത്തര വിമാനക്കമ്പനിയായി വീണ്ടും സ്വയം സ്ഥാപിക്കുന്നതിനുള്ള സമഗ്രമായ പരിവർത്തന പദ്ധതിയുടെ ഭാഗമായി പുതിയതായി യൂറോപ്പിലെ എയർബസ് കൺസോർഷ്യത്തിന് 250 വിമാനങ്ങൾക്കും അമേരിക്കയിലെ ബോയിങ് കമ്പനിക്ക് 220 വിമാനങ്ങൾക്കും ഓർഡർ നൽകി മൂന്ന് ദിവസത്തിന് ശേഷമാണ് റിപ്പോർട്ട് വരുന്നത്.

ഇത്രയധികം വിമാനങ്ങളുടെ ഓർഡർ ഒരു എയർലൈൻസ് ഒന്നിച്ചുനൽകുന്നത് ലോകത്താദ്യമാണ്.

ആഭ്യന്തര വിമാനങ്ങൾക്കും സമീപ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കും ഉപയോഗിക്കുന്ന 400 സിംഗിൾ-ഐൽ അല്ലെങ്കിൽ ഇടുങ്ങിയ ബോഡിയുള്ള വിമാനങ്ങളിൽ 210 എണ്ണം എയർബസ് എ320 കുടുംബത്തിൽ (140 എ320നിയോ, 70 എ321നിയോ) നിന്നുള്ളവയാണ്. 190 എണ്ണം ബോയിങ് 737 മാക്സ് കുടുംബത്തിൽനിന്നുള്ളവയും ( 737 മാക്സ് 8, 737 മാക്സ് 10 എന്നിവ ചേർന്നത്). ബോയിങ് ഓർഡറിൽ 50 737 മാക്സുകൾക്കുള്ള അധിക ഓപ്ഷൻ ഉൾപ്പെടുന്നു.

470 വിമാനങ്ങളിൽ എഴുപതും ദീർഘദൂര സർവിസുകൾക്കുള്ള വൈഡ് ബോഡി അല്ലെങ്കിൽ ട്വിൻ-ഐൽ ( സീറ്റുകൾക്കിടയിലെ വ​ഴി) വിമാനങ്ങളാണ്. ഒരു വിമാനത്തിന് 30 പൈലറ്റുമാർ ആവശ്യമാണ്. കൂടാതെ 15 കമാൻഡർമാരും 15 ഫസ്റ്റ് ഓഫീസർമാരും ആവശ്യമായി വരും. അതായത് A350 വിമാനങ്ങൾക്ക് മാത്രം 1,200 പൈലറ്റുമാർ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു ബോയിംഗ് 777 ന് 26 പൈലറ്റുമാർ ആവശ്യമാണ്. എയർലൈൻ അത്തരം 10 വിമാനങ്ങൾ ഉൾപ്പെടുത്തുകയാണെങ്കിൽ, അതിന് 260 പൈലറ്റുമാരെയും 20 ബോയിംഗ് 787 ന് 400 പൈലറ്റുമാരെയും വേണ്ടിവരും. അത്തരം ഓരോ വിമാനത്തിനും 20 പൈലറ്റുമാരും ഒപ്പം 10 കമാൻഡർമാരും 10 ഫസ്റ്റ് ഓഫീസർമാരെയും ആവശ്യമാണ്.

30 വൈഡ് ബോഡി ബോയിംഗ് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ആകെ 660 പൈലറ്റുമാർ വേണ്ടിവരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ വിമാനങ്ങളിൽ ആദ്യത്തേത് 2023 അവസാനത്തോടെ സർവീസിൽ പ്രവേശിക്കുമെന്നും വിമാനങ്ങളിൽ ഭൂരിഭാഗവും 2025 പകുതി മുതൽ എത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.