ഇരുട്ടടി നല്‍കാന്‍ കെ.എസ്.ഇ.ബി: ഏപ്രില്‍ മുതല്‍ വൈദ്യുതി നിരക്ക് കൂട്ടിയേക്കും; നാല് വര്‍ഷം കൂട്ടണമെന്ന് ബോര്‍ഡ്

ഇരുട്ടടി നല്‍കാന്‍ കെ.എസ്.ഇ.ബി: ഏപ്രില്‍ മുതല്‍ വൈദ്യുതി നിരക്ക് കൂട്ടിയേക്കും; നാല് വര്‍ഷം കൂട്ടണമെന്ന് ബോര്‍ഡ്

തിരുവനന്തപുരം: അടുത്ത നാലു വര്‍ഷം വൈദ്യുതി നിരക്ക് കൂട്ടണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി. ഏപ്രില്‍ ഒന്ന് കണക്കാക്കിയാണ് വര്‍ധനവ്. ഇക്കൊല്ലം യൂണിറ്റിന് 40.64 പൈസ വര്‍ധനവാണ് ആവശ്യം. ഇതിലൂടെ 1044.43 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങളുടെയും വ്യവസായ ഉപഭോക്താക്കളുടെയും തെളിവെടുത്ത ശേഷമാവും കമ്മീഷന്‍ അന്തിമ തീരുമാനമെടുക്കുക. ആവശ്യപ്പെടുന്ന നിരക്കില്‍ ചെറിയ മാറ്റം വരുത്തി കൂട്ടുന്നതാണ് പതിവ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 26നാണ് യൂണിറ്റിന് ശരാശരി 25 പൈസ കൂട്ടിയത്. അതിലൂടെ 1010.94 കോടി രൂപയുടെ അധികവരുമാനവും 760 കോടിയിലേറെ രൂപയുടെ ലാഭവും നേടി.

കഴിഞ്ഞ വര്‍ഷം ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയിട്ട് പോലും കെ.എസ്.ഇ.ബി ലാഭത്തിലായിരുന്നു. വരവും ചെലവും തമ്മില്‍ അന്തരമുണ്ടെങ്കില്‍ അത് നികത്താനാണ് നിരക്ക് വര്‍ധിപ്പിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ചെലവിനെക്കാള്‍ കൂടുതലാണ് വരവ്. എന്നിട്ടും നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. ലാഭം അടുത്ത നാലു വര്‍ഷവും ആവര്‍ത്തിക്കില്ലെന്നാണ് ന്യായം പറയുന്നത്.

കഴിഞ്ഞ വര്‍ഷവും നാലു വര്‍ഷത്തേക്കാണ് നിരക്ക് വര്‍ധനവിന് അനുമതി തേടിയതെങ്കിലും ഒരുവര്‍ഷത്തേക്ക് മാത്രമാണ് അനുമതി ലഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷം സ്ഥിതി വിലയിരുത്തി തുടര്‍ന്നുള്ള വര്‍ധന പരിശോധിക്കാമെന്നാണ് കമ്മിഷന്‍ അന്ന് പറഞ്ഞിരുന്നത്. ഇതൊര അവസരമായിക്കണ്ട് ജനത്തിന് ഇരുട്ടടി നല്‍കാനാണ് ബോര്‍ഡിന്റെ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.