കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ സെമിയിൽ. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം.
ഇന്ത്യ ഉയർത്തിയ 155 റൺസിനെതിരെ ബാറ്റിംഗ് ആരംഭിച്ച അയലന്‍ഡ് 8.2 ഓവറില്‍ രണ്ടിന് 54 എന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. അഞ്ച് റണ്‍സ് കൂടി കൂടുതല്‍ നേടിയിരുന്നെങ്കില്‍ കാര്യങ്ങള്‍ അയര്‍ലന്‍ഡിന് അനുകൂലമാകുമായിരുന്നു. സെമിയില്‍ ഓസ്‌ട്രേലിയ ആയിരിക്കും ഇന്ത്യയുടെ എതിരാളി.
ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ തന്നെ എമി ഹണ്ടര്‍ (ഒന്ന്) റണ്ണൗട്ടായി. ഓവറിന്റെ അഞ്ചാം പന്തില്‍ ഒര്‍ല പ്രന്‍ഡര്‍ഗാസ്റ്റ് (0) ബൗള്‍ഡാവുകയാവുകയും ചെയ്തു. രേണുക് സിംഗിനായിരുന്നു വിക്കറ്റ്. എന്നാല്‍ ഗാബി ലൂയിസ് (25 പന്തില്‍ 32), ലൗറ ഡെലാനി (20 പന്തില്‍ 17) എന്നിവര്‍ അയര്‍ലന്‍ഡിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും ഇതുവരെ 52 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ സ്മൃതി മന്ദാനയുടെ (87) ബാറ്റിംഗ് കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മ-സ്മൃതി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 29 പന്തില്‍ 24 റണ്‍സെടുത്ത ഷെഫാലി ആദ്യം പുറത്തായി.
തുടര്‍ന്ന് ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (13) അധികം ആയുസുണ്ടായിരുന്നില്ല. ഡെലാനിയുടെ രണ്ടാം വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ റിച്ചാ ഘോഷിനേയും (0) ഡെലാനി മടക്കി. ഇതോടെ ഇന്ത്യ 16 ഓവറില്‍ മൂന്നിന് 115 എന്ന നിലയിലായി.
ടി20 കരിയറിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ സ്മൃതി 56 പന്തില്‍ മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 87 റൺസ് എടുത്ത് മടങ്ങി. തൊട്ടടുത്ത പന്തില്‍ ദീപ്തി ശര്‍മയും പുറത്തായി. ഒര്‍ല പ്രെണ്ടര്‍ഗാസ്റ്റാണ് ഇരുവരേയും മടക്കിയത്. ജമീമ റോഡ്രിഗസ് അവസാന പന്തില്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ 150 കടത്തിയിരുന്നു. പൂജ വസ്ത്രകര്‍ (രണ്ട്) പുറത്താവാതെ നിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.