തിരുവനന്തപുരം: കാല്‍നടയാത്രക്ക് തടസം സൃഷ്ടിക്കും വിധം നടപ്പാതകൾ കൈയ്യേറി വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി ഡിജിപി. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് തടയാൻ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്താനും ചൊവ്വാഴ്ച ചേര്‍ന്ന പൊലീസ് ഉന്നതതല യോഗത്തിൽ ഡിജിപി നിർദ്ദേശം നൽകി.
ലഹരി ഉപയോഗം കണ്ടെത്താൻ പ്രത്യേക കിറ്റ് ഉപയോഗിച്ചാകും പരിശോധന. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഉടനടി റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യും. റോഡപകടങ്ങള്‍ കുറയ്ക്കാൻ ജില്ലകളിൽ കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ബ്ലാക്ക് സ്‌പോട്ടുകള്‍ കണ്ടെത്തി അവയ്ക്ക് സമീപം ഹൈവേ പട്രോളിംഗ് ശക്തമാക്കാന്‍ തീരുമാനിച്ചു.
കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. പൊതു ഇടങ്ങളില്‍ പരമാവധി സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ മുന്‍കൈ എടുക്കണം. ഇതിനായി വ്യാപാരികളുടെ സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹായം തേടാം. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകളില്‍ ഒരെണ്ണം റോഡിലെ ദൃശ്യങ്ങള്‍ ലഭിക്കത്തക്കവിധം ക്രമീകരിക്കണമെന്ന് അഭ്യര്‍ഥിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരുമായി ബന്ധം പുലര്‍ത്തുന്ന പൊലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും ഡിജിപി നിര്‍ദേശം നല്‍കി. നിലവില്‍ ഇവര്‍ക്കെതിരെ വകുപ്പുതല നടപടി എടുക്കുന്നുണ്ടെങ്കിലും കോടതിയില്‍ നിന്നും അനൂകൂല വിധി നേടുന്ന സാഹചര്യമുണ്ട്. ഇത്തരം സാധ്യതകള്‍ ഒഴിവാക്കി കൃത്യമായ നിയമോപദേശം തേടി ഇവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നും ഡിജിപി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.