കിണറ്റില്‍ വീണ ഒന്നര വയസുകാരനെ രക്ഷിച്ച എന്‍ജിനിയറിങ് വിദ്യാര്‍ഥിയ്ക്ക് കോളജിന്റെ ആദരം

കിണറ്റില്‍ വീണ ഒന്നര വയസുകാരനെ രക്ഷിച്ച എന്‍ജിനിയറിങ് വിദ്യാര്‍ഥിയ്ക്ക് കോളജിന്റെ ആദരം

കിണറ്റില്‍ വീണ ഒന്നര വയസുകാരനെ സാഹസികമായി രക്ഷപെടുത്തിയ പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി അലന്‍ ജോണ്‍സനെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫലകം നല്‍കി അനുമോദിക്കുന്നു.

പാല: കിണറ്റില്‍ വീണ ഒന്നര വയസുള്ള കുഞ്ഞിന്റെ രക്ഷകനായ എന്‍ജിനിയറിങ് വിദ്യാര്‍ഥിയ്ക്ക് ആദരം. അബദ്ധത്തില്‍ കിണറ്റില്‍ വീണു പോയ കോട്ടയം കോതനല്ലൂര്‍ സ്വദേശികളായ റോബി-ശാന്തിമോള്‍ ദമ്പതികളുടെ ഇളയ മകന്‍ ഒന്നര വയസുകാരന്‍ ജോയലിനെ സാഹസികമായി രക്ഷിച്ചതിനാണ് പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യുണിക്കേഷന്‍ എഞ്ചിനിയറിങ് വിദ്യാര്‍ഥി അലന്‍ ജോണ്‍സനെ കോളജ് ആദരിച്ചത്.

ഇക്കഴിഞ്ഞ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. കുഞ്ഞ് കിണറ്റില്‍ വീണതറിഞ്ഞ് ഓടിയെത്തിയ മാതാവടക്കമുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ നില്‍ക്കുമ്പോഴാണ് അയല്‍വാസിയായ അലന്‍ സംഭവ സ്ഥലത്ത് ഓടിയെത്തുന്നത്.

നീന്തല്‍ വശമില്ലാതിരുന്നിട്ടും പതിനെട്ടടി താഴ്ചയും രണ്ടാള്‍ പൊക്കത്തില്‍ വെള്ളവുമുള്ള കിണറ്റിലേക്ക് അലന്‍ കയറില്‍ തൂങ്ങിയിറങ്ങുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന കുഞ്ഞിനെ അലന്‍ വാരിയെടുത്ത് കിണറിന്റെ റിങില്‍ ചവിട്ടി നിന്നു. കരയില്‍ നിന്നവര്‍ ഉടന്‍ ഇരുവരെയും വലിച്ചു കയറ്റുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

പാലാ സെന്റ് ജോസഫ് എഞ്ചിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഇന്ന് പ്രത്യേകം ചേര്‍ന്ന സമ്മേളനത്തില്‍ കോളജ് രക്ഷാധികാരിയും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഫലകം നല്‍കി അലനെ അനുമോദിച്ചു.

പാലാ എംഎല്‍എ മാണി സി. കാപ്പന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിച്ചു. ചെയര്‍മാന്‍ മോണ്‍. ഡോ. ജോസഫ് മലേപ്പറമ്പില്‍ പതിനായിരം രൂപയുടെ ക്യാഷ് പ്രൈസ് അലന് കൈമാറി. അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ജോയലിന് പ്രത്യേക ഉപഹാരം നല്‍കി മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹിച്ചു.

മാനേജര്‍ ഫാ. മാത്യു കോരംകുഴ, പ്രിന്‍സിപ്പല്‍ ഡോ. വി.പി ദേവസ്യ, വൈസ് പ്രിന്‍സിപ്പല്‍ ഡോ. എസ്. മധുകുമാര്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യുണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. പി. അരുണ്‍, ബര്‍സാര്‍ ഫാ. ജോണ്‍ മറ്റമുണ്ടയില്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.