ബംഗളൂരു: പാകിസ്ഥാനിൽ നിന്ന് നിയമവിരുദ്ധമായി എത്തിയ 19കാരിയെ തിരിച്ചയച്ചു. ഉത്തർപ്രദേശുകാരനായ മുലായം സിങ് യാദവ് എന്ന യുവാവിനെ കല്യാണം കഴിക്കാനാണ് യുവതി ഇന്ത്യയില്‍ എത്തിയത്. ഇന്ത്യ-നേപ്പാൾ അതിർത്തി വഴിയാണ് ഇഖ്റ ജീവാനി ഇന്ത്യയിൽ എത്തിയതെന്ന് കരുതുന്നു.
ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട 25കാരനായ യാദവിനൊപ്പം ജീവിക്കാനായിരുന്നു ഈ സാഹസം. വിവാഹം കഴിച്ചെന്ന് പറയുന്ന ഇവർ കഴിഞ്ഞ നവംബർ 22 ന് ബംഗളൂരുവിൽ എത്തി. ജുന്നസാന്ദ്രയിലെ അയ്യപ്പ ക്ഷേത്രത്തിനടുത്ത് വാടകവീടെടുത്ത് താമസം തുടങ്ങി. മുലായം സിങ് സെക്യൂരിറ്റിയായി ജോലിക്ക് പോവുകയും ചെയ്തു.
ഇതിനിടെ പെൺകുട്ടി പാകിസ്താനിലുള്ള കുടുംബത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത് ഇന്റലിജൻസ് ബ്യൂറോ അറിഞ്ഞു. ഇവർ ബംഗളൂരു പൊലീസിന് വിവരം കൈമാറി. പൗരത്വം സംബന്ധിച്ച് ഉറപ്പു വരുത്തിയ ശേഷം ഈ വർഷം ജനുവരിയിലാണ് പെൺകുട്ടിയെയും മുലായം സിങ്ങിനെയും അറസ്റ്റ് ചെയ്തത്. വാടകവീടിന്റെ ഉടമസ്ഥനായ ഗോവിന്ദ് റെഡ്ഡിയും പിടിയിലായി.
വിദേശപൗരന്മാരുടെ റീജനൽ രജിസ്ട്രേഷൻ ഓഫിസിനെ പൊലീസ് വിവരമറിയിച്ചു. തുടർന്ന് ഇഖ്റയെ സർക്കാറിന്റെ സ്ത്രീകൾക്കുള്ള റിമാൻഡ് ഹോമിലേക്ക് അയച്ചു.
നടപടികൾ പൂർത്തിയാക്കിയശേഷം ഞായറാഴ്ചയാണ് പെൺകുട്ടിയെ വാഗ അതിർത്തിയിൽ പാക് സൈന്യത്തിന് കൈമാറിയത്. ബംഗളൂരു പൊലീസിന്റെ പ്രത്യേക സംഘവും അതിർത്തി ചെക്ക് പോസ്റ്റിൽ എത്തിയിരുന്നു. പെൺകുട്ടിക്ക് രമ യാദവ് എന്ന പേരിൽ മുലായം സിങ് യാദവ് ആധാർ കാർഡ് സംഘടിപ്പിച്ചിരുന്നു. തന്റെ ഭാര്യയാണെന്ന് പറഞ്ഞായിരുന്നു ഇത്. ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷ നൽകിയിരുന്നതായും ബംഗളൂരു പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.