ഇന്ത്യയുടെ ആദ്യ റേഡിയോ സ്റ്റേഷന്‍ ആരംഭിച്ചിട്ട് നൂറ് വര്‍ഷം തികയുന്നു. 1923 ജൂണ്‍ മാസത്തിലാണ് ബോംബെ പ്രസിഡന്‍സി റേഡിയോ ക്ലബ്ബ് ആരംഭിച്ചത്. അധികം താമസിയാതെ ആ വര്‍ഷം തന്നെ നവംബറില്‍ കല്‍ക്കട്ട റേഡിയോ ക്ലബ് വന്നു. 1924-ല്‍ മദ്രാസ് റേഡിയോ ക്ലബ് ആരംഭിച്ചു. ചെറിയ രീതിയില്‍ വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തും ആഴ്ചയില്‍ കുറച്ചു സമയം മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത സംഗീതകച്ചേരികള്‍ കേള്‍പ്പിച്ചുമൊക്കെയായിരുന്നു തുടക്കകാലത്തെ റേഡിയോ പ്രക്ഷേപണം. പിന്നീട് രാജ്യത്തെ പ്രധാന വാര്‍ത്താവിനിമയോപാധിയായി റേഡിയോ മാറുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധികള്‍ ആദ്യകാല റേഡിയോ ക്ലബ്ബുകളെ വികസനത്തില്‍ പിന്നോട്ടടിച്ചപ്പോള്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു സുപ്രധാന തീരുമാനം കൈകൊണ്ടു. അതിനായി അവര്‍ ആരംഭിച്ചതാണ് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വ്വീസ്. 1930 ല്‍ ആരംഭിച്ച ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് സര്‍വ്വീസ് പിന്നീട് ഓള്‍ ഇന്ത്യ റേഡിയോയായി മാറി. 1936ലായിരുന്നു ഓള്‍ ഇന്ത്യ റേഡിയോ സ്ഥാപിതമായത്.
ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും യുദ്ധകാലത്തും ദേശീയ ദുരന്ത സമയങ്ങളിലും ആളുകളെ വിവരങ്ങള്‍ അറിയിക്കുന്നതില്‍ റേഡിയോ പ്രധാന പങ്കുവഹിച്ചിരുന്നു. സാംസ്‌കാരികവും പ്രായോഗികവുമായ അറിവുകള്‍ രാജ്യത്തുടനീളം പ്രചരിപ്പിക്കാനും റേഡിയോയ്ക്ക് സാധിച്ചു.
ഇന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റിങ് സ്ഥാപനങ്ങളില്‍ ഒന്നാണ് ഓള്‍ ഇന്ത്യ റേഡിയോ. ഏകദേശം 23 ഭാഷകളിലുള്ള പ്രക്ഷേപണം, 479 റേഡിയോ സ്റ്റേഷനുകള്‍ എന്നിങ്ങനെ വലിയ വളര്‍ച്ചയാണ് ഓള്‍ ഇന്ത്യാ റേഡിയോയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ 99 ശതമാനം ജനങ്ങളിലേക്കും വിവരങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ഇന്ത്യയിലെ റേഡിയോ സംവിധാനം നിര്‍വ്വഹിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.