കോഴിക്കോട്: ഇടതുകാലിന്റെ തകരാറിന് ചികിത്സ തേടിയ വീട്ടമ്മയുടെ വലതുകാലില്‍ ശസ്ത്രക്രിയ നടത്തി. കോഴിക്കോട് നാഷണല്‍ ആശുപത്രിയിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. കോഴിക്കോട് കക്കോടി സ്വദേശിയായ സജ്ന (60)യാണ് ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. സജ്‌നയെ എട്ട് മാസത്തോളമായി ചികിത്സിക്കുന്ന ഡോക്ടറാണ് പിഴവ് വരുത്തിയത്.
വാതിലിന്റെ ഉള്ളില്‍ കുടുങ്ങി കാലിന്റെ ഞരമ്പിന് തകരാറ് സംഭവിച്ചതിനെ തുടര്‍ന്നാണ് സജ്ന ആശുപത്രിയില്‍ ചികിത്സ തേടിയത്. ഏറെക്കാലത്തെ ചികിത്സയ്ക്കു ശേഷം ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ആയ സജ്നയെ ചൊവ്വാഴ്ചയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ആശുപത്രിയിലെ ഓര്‍ത്തോ മേധാവി കൂടിയായ ഡോ. ബഹിര്‍ഷാന്‍ ആണ് സജ്നയ്ക്ക് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയക്കായി രോമംനീക്കി വൃത്തിയാക്കിയ ഇടതുകാലിന് പകരമാണ് രോമം കളയാത്ത വലതു കാലിന് ശ്രസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയ വിജയകരമാണെന്ന് ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കം വിട്ടപ്പോള്‍ കാല്‍ അനക്കാന്‍ പറ്റാതായതോടെയാണ് ഇടതുകാലിന് പകരം വലതുകാലിനാണ് ശസ്ത്രക്രിയ നടത്തിയതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സജ്ന നഴ്സുമാരെ വിവരം അറിയിക്കുകയായിരുന്നു.
ബന്ധുക്കള്‍ പരാതി പറഞ്ഞപ്പോള്‍ മാത്രമാണ് കാല്‍ മാറിയാണ് ശസ്ത്രക്രിയ ചെയ്തതെന്ന കാര്യം ഡോക്ടര്‍ അറിയുന്നത്. തെറ്റുപറ്റിയെന്ന് ഡോക്ടര്‍ ഏറ്റുപറഞ്ഞെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്കും ഡി.എം.ഒയ്ക്കും പോലീസിനും പരാതി നല്‍കി.
ശസ്ത്രക്രിയയ്ക്ക് മുന്‍പ് നടത്തിയ സ്‌കാനിങില്‍ വലതുകാലിന് ഭാഗികമായി തകരാറ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വലതുകാലിന് ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. രണ്ടാഴ്ചയ്ക്കകം ഇടതുകാലിനും ശസ്ത്രക്രിയ ചെയ്തു നല്‍കും. ഇക്കാര്യം ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ ബന്ധുക്കളെയും രോഗിയേയും അറിയിച്ചെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.