സാങ്കേതിക വിദ്യകള്‍ മനുഷ്യ സമ്പര്‍ക്കത്തെ മാറ്റി സ്ഥാപിക്കരുത്; ഫ്രാന്‍സിസ് പാപ്പ

സാങ്കേതിക വിദ്യകള്‍ മനുഷ്യ സമ്പര്‍ക്കത്തെ മാറ്റി സ്ഥാപിക്കരുത്; ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പുരോഗതി എപ്പോഴും മനുഷ്യരാശിയുടെ അന്തസിനും സമഗ്രമായ വികസനത്തിനും വേണ്ടിയായിരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സാങ്കേതിക വിദ്യയുടെ വളര്‍ച്ച മനുഷ്യര്‍ തമ്മിലുള്ള സമ്പര്‍ക്കത്തെ മാറ്റി സ്ഥാപിക്കരുതെന്നും പാപ്പ മുന്നറിയിപ്പ് നല്‍കി.

വളര്‍ന്നുവരുന്ന സാങ്കേതിക വിദ്യകളും വ്യക്തിയും പൊതു നന്മയും തമ്മിലുള്ള ബന്ധം എന്ന വിഷയത്തില്‍ പൊന്തിഫിക്കല്‍ അക്കാദമി ഫോര്‍ ലൈഫ് സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലയില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പ്പാപ്പ,

നാനോ ടെക്‌നോളജി, ബയോ ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കോഗ്‌നിറ്റീവ് സയന്‍സ് എന്നിവ ചേരുന്ന കണ്‍വേര്‍ജിങ് ടെക്നോളജീയുടെ ധാര്‍മ്മിക വശങ്ങളെക്കുറിച്ചായിരുന്നു ശില്‍പശാല.

കോവിഡ് മഹാമാരി മുതല്‍ ഊര്‍ജ പ്രതിസന്ധി വരെ, കാലാവസ്ഥാ വ്യതിയാനം മുതല്‍ കുടിയേറ്റം വരെ തുടങ്ങി ലോകം ഇന്ന് അഭിമുഖീകരിക്കുന്ന ഒന്നിലധികം പ്രതിസന്ധികളില്‍ സാങ്കേതിക വികസനം ആരോഗ്യകരമായ ഇടപെടല്‍ നടത്തുന്നതായി പാപ്പ ചൂണ്ടിക്കാട്ടി.

അതേസമയം, സാങ്കേതിക വിദ്യ മനുഷ്യ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചും പാപ്പ മുന്നറിയിപ്പ് നല്‍കി. സാങ്കേതിക പുരോഗതി മനുഷ്യന്റെ ജീവിത സാഹചര്യങ്ങളില്‍ കൊണ്ടുവരുന്ന ദ്രുതഗതിയിലുള്ള മാറ്റമാണ് ആദ്യത്തെ വെല്ലുവിളി. ഈ മുന്നേറ്റങ്ങള്‍ മനുഷ്യ ജീവിതത്തിലും പരിസ്ഥിതിയിലും കാര്യമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു.

മനുഷ്യ ബന്ധങ്ങളുടെ നിര്‍വചനത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ ചെലുത്തുന്ന സ്വാധീനമാണ് രണ്ടാമത്തെ വെല്ലുവിളി. സാങ്കേതിക വിദ്യ മനുഷ്യ സമ്പര്‍ക്കത്തെ മാറ്റി സ്ഥാപിക്കരുത്. പ്രത്യേകിച്ച് ദുര്‍ബലരായ വ്യക്തികളുടെ കാര്യത്തില്‍. 'വെര്‍ച്വല്‍ ലോകത്തിന് ഒരിക്കലും യഥാര്‍ത്ഥ ലോകത്തെ മാറ്റിമറിക്കാനാവില്ല. സമൂഹ മാധ്യമങ്ങള്‍ക്ക് സാമൂഹിക മണ്ഡലങ്ങളെ മാറ്റി സ്ഥാപിക്കാന്‍ കഴിയില്ല'.

'മനുഷ്യാനുഭവത്തിന്റെ സാങ്കേതിക രൂപം അനുദിനം വ്യാപകമാകുകയാണ്. മനുഷ്യനും സാങ്കേതികവിദ്യയും എന്താണെന്ന് തിരിച്ചറിയാനുള്ള മാനദണ്ഡം കൂടുതല്‍ പ്രയാസകരമായി. അതിനാല്‍, മനുഷ്യന്റെ മൂല്യത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചുമുള്ള ഗൗരവമായ ചിന്തകള്‍ അനിവാര്യമാണ് ' - പരിശുദ്ധ പിതാവ് പറഞ്ഞു.

മനുഷ്യ സഹവര്‍ത്തിത്വത്തിന്റെ അടിസ്ഥാനമായ പരസ്പര വിശ്വാസത്തെ സാങ്കേതികവിദ്യകള്‍ ദരിദ്രമാക്കുന്നതായും പാപ്പ ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.