ദുബായ്:ജിസിസി രാജ്യങ്ങളിലെ യാത്രാ പദ്ധതികളില്‍ നിർണായകമാകുമെന്ന് വിലയിരുത്തപ്പെടുന്ന എത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായുളള ചരക്ക് ട്രെയിന്‍ ശൃംഖല ആരംഭിച്ചതായി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അബുദബിയിലെ അല്‍ ഫയ മേഖലയിലെ പ്രധാന പരിപാലന കേന്ദ്രത്തില്‍ നടന്ന ചടങ്ങിലാണ് ചരക്ക് ശൃംഖല ആരംഭിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. 38 ലോക്കോമോട്ടീവുകളും എല്ലാത്തരം ചരക്കുകളും കൊണ്ടുപോകാൻ കഴിയുന്ന 1,000-ലധികം വാഗണുകളുമാണ് ശൃംഖലയില്‍ ഉള്‍പ്പെടുന്നത്.
അതേസമയം എത്തിഹാദ് റെയിലിന്‍റെ ഭാഗമായുളള യാത്രാ തീവണ്ടികളുടെ ബോഗിയും ദുബായ് ഭരണാധികാരി സന്ദർശിച്ചു. ജിസിസി രാജ്യങ്ങളെ റെയില്‍ മാർഗം ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഇത്തിഹാദ് റെയില്‍ നെറ്റ് വർക്കിന്‍റെ ഭാഗമായി യുഎഇയിലും ത്വരിത ഗതിയിലാണ് ജോലികള്‍ നടക്കുന്നത്. അബുദബിയിലെ അറ്റകുറ്റപ്പണികള്‍ക്കും നിയന്ത്രണങ്ങള്‍ക്കായുമുളള അല്‍ ഫയയിലെ കേന്ദ്രത്തിലെ നിർമ്മാണം പൂർത്തിയായ യാത്രാ ബോഗിയില്‍ ഷെയ്ഖ് മുഹമ്മദും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനും മറ്റ് ഉന്നത ഭരണാധികാരികളും സന്ദർശനം നടത്തി. ട്രെയിനിന്‍റെ ബോഗിയിലേക്ക് അദ്ദേഹം കയറുന്നതും പദ്ധതിയെകുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിക്കുന്ന കാര്യങ്ങളെല്ലാം സസൂക്ഷ്മം കേള്‍ക്കുന്നതും വീഡിയോയില്‍ കാണാം.
ദേശീയ റെയില്‍ ചരക്ക് ശൃംഖല യുഎഇ വിജയകരമായി ആരംഭിക്കുകയാണ്. രാജ്യത്തെ നാല് പ്രധാന തുറമുഖങ്ങളെയും ഏഴ് ലോജിസ്റ്റിക് മേഖലകളെയും എത്തിഹാദ് റെയില്‍ ബന്ധിപ്പിക്കും. പ്രതിവർഷം 60 ദശലക്ഷം ടണ്‍ ചരക്ക് ഗതാഗതവും സാധ്യമാകും, സമ്പദ് വ്യവസ്ഥ മെച്ചപ്പെടും, ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
2050 ആകുമ്പോഴേക്കും സമ്പദ് വ്യവസ്ഥയില്‍ 200 ബില്ല്യണ്‍ ദിർഹത്തിന്‍റെ സ്വാധീനമുണ്ടാക്കാന്‍ പദ്ധതിക്ക് സാധിക്കും. 180 ദേശീയ പ്രാദേശിക ഉദ്യോഗസ്ഥർ 133 ദശലക്ഷം മണിക്കൂറുകള്‍ ജോലി ചെയ്താണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. യുഎഇയുടെ ദേശീയ റെയില്‍ ശൃംഖലയുടെ പിന്നില്‍ പ്രവർത്തിക്കുന്നത് എത്തിഹാദ് റെയില്‍ ആണ്.
യുഎഇയുടെ 11 നഗരങ്ങളെ എത്തിഹാദ് റെയില്‍ ബന്ധിപ്പിക്കും. മണിക്കൂറില്‍ 200 കിലോമീറ്റർ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനിന് അബുദബിയില്‍ നിന്ന് ദുബായിലേക്ക് എത്താന്‍ വേണ്ട യാത്രസമയം 50 മിനിറ്റാണ്. അബുദബിയില്‍ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റുകൊണ്ട് എത്തും. അബൂദബിയിൽ നിന്ന് ഫുജൈറ വരെ നീളുന്ന റെയിൽവേയിലൂടെ ആദ്യഘട്ടത്തിൽ 38 ഗുഡ്‌സ് ട്രെയിനുകൾ ആയിരം വാഗണുകളിലായി ചരക്ക് സർവീസ് നടത്തും.എത്തിഹാദ് റെയിൽവേയുടെ യാത്രാ സർവീസ് 2030 ൽ ആരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.