വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ എക്യുമെനിക്കല്‍ വിഭാഗമായ ഡൈകാസ്റ്ററി ഫോര്‍ പ്രൊമോട്ടിംഗ് ക്രിസ്ത്യന്‍ യൂണിറ്റി, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളിലെ യുവവൈദികര്‍ക്കും സന്യാസിമാര്‍ക്കുമായി സംഘടിപ്പിച്ച റോം പഠന സന്ദര്‍ശനത്തിന്റെ ഭാഗമായി കത്തോലിക്കാ സഭാ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുമായി വൈദിക സംഘം കൂടിക്കാഴ്ച നടത്തി.
എക്യുമെനിക്കല്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന കര്‍ദ്ദിനാള്‍ കര്‍ട് കോക്ക്, ഫാ. ഹൈസന്ത് ദെസ്തിവെലെ എന്നിവരുടെ നേതൃത്വത്തില്‍ വത്തിക്കാനിലെ അപ്പോസ്‌തോലിക് പാലസില്‍ എത്തിയ വൈദികസംഘത്തെ മാര്‍പാപ്പാ സ്വീകരിച്ച് സന്ദേശം നല്‍കുകയും, സമ്മാനങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും ചെയ്തു.
ഫെബ്രുവരി 18 മുതല്‍ ആരംഭിച്ച സന്ദര്‍ശന പരിപാടിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ഫാ. അനിഷ് കെ. സാം, ഫാ. ജെറി വര്‍ഗീസ്, ഡീക്കന്‍ ജിതിന്‍ മാത്യു ഫിലിപ്പ് എന്നിവര്‍ സംബന്ധിക്കുകയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ തിരുമേനിയുടെ ആശംസയും പ്രാര്‍ത്ഥനയും മാര്‍പാപ്പായെ അറിയിക്കുകയും സമ്മാനം കൈമാറുകയും ചെയ്തു.
കത്തോലിക്കാസഭയുടെ വത്തിക്കാനിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, വിവിധ യൂണിവേഴ്സ്റ്റികള്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ്, വത്തിക്കാന്‍ മ്യൂസിയം, സെന്റ് പീറ്റേഴ്‌സ് ബസിലിക്ക വിവിധ ആശ്രമങ്ങള്‍, ഫ്രഞ്ച് എംബസി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി.
അര്‍മീനിയന്‍-കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭകളുടെ ഇറ്റലിയിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വൈദിക സംഘം ഫെബ്രുവരി 26 ഞായറാഴ്ച റോമിലെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച ശേഷം കേരളത്തിലേക്ക് മടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26