'ബിജുവിനെ സഹായിച്ചാല്‍ വലിയ വില നല്‍കേണ്ടി വരും': ഇസ്രായേലിലെ മലയാളികള്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

'ബിജുവിനെ സഹായിച്ചാല്‍ വലിയ വില നല്‍കേണ്ടി വരും': ഇസ്രായേലിലെ മലയാളികള്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

ജറുസലം: കൃഷി വകുപ്പ് ഇസ്രയേലിലേക്ക് അയച്ച കര്‍ഷക സംഘത്തില്‍ നിന്ന് മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി എംബസി. ഇസ്രായേലിലെ മലയാളികള്‍ക്കാണ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. കാര്‍ഷിക പഠനത്തിനെത്തി മുങ്ങിയ ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കില്‍ അവസാനിപ്പിക്കണം എന്ന് എംബസി നിര്‍ദേശം നല്‍കി.

ബിജു ഇപ്പോള്‍ കീഴടങ്ങി തിരിച്ചു പോകാന്‍ തയാറായാല്‍ വലിയ കുഴപ്പുണ്ടാകില്ലെന്നാണ് എംബസി വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ ബിജു കുര്യനും സഹായിക്കുന്നവരും വലിയ വില നല്‍കേണ്ടി വരുമെന്നും ബിജു കുര്യന് ഇസ്രായേലില്‍ നല്ല ഭാവി ഉണ്ടാവില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു.

വീസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. ഈ കത്തിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടത്. വീസ കാലാവധി മെയില്‍ അവസാനിക്കും. ഈയൊരു സാഹചര്യത്തില്‍ ഉടന്‍ നാട്ടിലേക്ക് വന്നാല്‍ ഇസ്രായേല്‍ നിയമനടപടികള്‍ നേരിടേണ്ടി വരില്ല. വീസ കാലാവധി കഴിഞ്ഞും തുടരാനാണ് തീരുമാനമെങ്കില്‍ വലിയ അപകടമുണ്ടാക്കും. ബിജുവിനെ സംരക്ഷിക്കുന്നവരും പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് എംബസി വ്യക്തമാക്കി.

ആധുനിക കൃഷിരീതി പഠിക്കാന്‍ കേരളത്തില്‍ നിന്നുള്ള കര്‍ഷക സംഘത്തോടൊപ്പം ഇസ്രയേലിലേക്ക് എത്തിയ കണ്ണൂര്‍ ഇരിട്ടി പേരട്ട കെപി മുക്കിലെ കോച്ചേരില്‍ ബിജുവിനെ ഫെബ്രുവരി 17 ന് രാത്രി ആണ് കാണാതായത്.

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി അശോക് ഉടന്‍തന്നെ ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേല്‍ അധികൃതര്‍ ബിജുവിനായി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇയാളെ കാണാതായതാണ് എന്നാണ് കരുതിയതെങ്കിലും പിന്നീട് ഇയാള്‍ മുങ്ങിയതാണെന്ന് വ്യക്തമാകുകയായിരുന്നു.

ഇയാള്‍ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. ഭാര്യയ്ക്ക് വാട്‌സാപ്പില്‍ സന്ദേശവുംം അയച്ചിരുന്നു. താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു ഭാര്യയോട് പറഞ്ഞു. ഇതിനു പിന്നാലെ, ബിജുവിനെ ഫോണില്‍ കിട്ടാതായെന്ന് സഹോദരന്‍ ബെന്നി വ്യക്തമാക്കുന്നു. എന്തിനാണ് ബിജു കുര്യന്‍ നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നതിന്റെ കാരണം വ്യക്തമല്ല. നല്ല ഉദ്ദേശത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രായേലിലേക്ക് അയച്ചതെന്നും വിശദമായ പരിശോധനക്ക് ശേഷമാണ് സംഘത്തിലേക്ക് കര്‍ഷകരെ തിരഞ്ഞെടുത്തതെന്നും പി. പ്രസാദ് പറഞ്ഞു. ബിജു ഒഴികെയുള്ള സംഘം 20ന് പുലര്‍ച്ചെ നെടുമ്പാശേരിയില്‍ മടങ്ങിയെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.