നിക്കരാഗ്വൻ സ്വേച്ഛാധിപതി ഡാനിയേൽ ഒർട്ടേഗ 'അഴിമതിക്കാരനും കുറ്റവാളിയും': ആരോപണങ്ങളോട് പ്രതികരിച്ച്‌ നാടുകടത്തപ്പെട്ട നിക്കരാഗ്വൻ ബിഷപ്പ്

നിക്കരാഗ്വൻ സ്വേച്ഛാധിപതി ഡാനിയേൽ ഒർട്ടേഗ 'അഴിമതിക്കാരനും കുറ്റവാളിയും': ആരോപണങ്ങളോട് പ്രതികരിച്ച്‌ നാടുകടത്തപ്പെട്ട നിക്കരാഗ്വൻ ബിഷപ്പ്

വാഷിംഗ്ടൺ: നിക്കരാഗ്വൻ സ്വേച്ഛാധിപതി ഡാനിയേൽ ഒർട്ടേഗയുടെ ഏറ്റവും പുതിയ അധിക്ഷേപങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ മനാഗ്വയിലെ നാടുകടത്തപ്പെട്ട സഹായ മെത്രാൻ സിൽവിയോ ബെയസ്. ഡാനിയേൽ ഒർട്ടേഗ "അഴിമതിക്കാരനും കുറ്റവാളിയും" ആണെന്ന് നിലവിൽ അമേരിക്കയിൽ താമസിക്കുന്ന ബിഷപ്പ് വ്യക്തമാക്കി.

“എത്ര അറിവില്ലായ്മ, എത്രയെത്ര നുണകൾ, എന്തൊരു വിരോധാഭാസം! ജനാധിപത്യ പാഠങ്ങൾ നൽകുന്ന ഏകാധിപതി” എന്ന് ബിഷപ്പ് ട്വിറ്ററിൽ വിലപിച്ചു. യേശു തന്റെ സഭയ്ക്ക് നൽകിയ അധികാരത്തെ വിമർശിച്ച് നിയമവിരുദ്ധമായി അധികാരം പ്രയോഗിക്കുന്ന ഒരാളാണ് ഒർട്ടെഗയെന്ന് ബിഷപ്പ് ബെയസ് വ്യക്തമാക്കി. ഒരു നിരീശ്വരവാദിയും അഴിമതിക്കാരനും കുറ്റവാളിയുമാണ് അയാളെന്നും ബിഷപ്പ് വിശദമാക്കി.

നിക്കരാഗ്വയിലെ അമേരിക്കൻ ഇടപെടലിനെ എതിർത്ത ഗറില്ലാ പോരാളിയായിരുന്ന ജനറൽ അഗസ്റ്റോ സി സാൻഡീനോയുടെ (1893–1934) 89-ാം ചരമവാർഷികത്തിന്റെ സ്മരണയ്ക്കായി ഫെബ്രുവരി 21 ന് നടന്ന ഒരു പരിപാടിയിൽ ഒർട്ടേഗ സംസാരിച്ചിരുന്നു. 1979 ൽ പ്രസിഡന്റ് അനസ്താസിയോ സോമോസ ഡിബെയ്‌ലിനെ അധികാരഭ്രഷ്ടനാക്കിയ ഇടതുപക്ഷ വിമതരാണ് അദ്ദേഹത്തിന്റെ പേരിലുള്ള സാൻഡിനിസ്റ്റുകൾ.

നിക്കരാഗ്വൻ ഏകാധിപതി കത്തോലിക്കാ സഭയെ ആക്രമിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തി. താൻ കത്തോലിക്കാ മതത്തിലാണ് വളർന്നതെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കത്തോലിക്കാ സഭയ്‌ക്കെതിരെ ആഞ്ഞടിച്ച ശേഷം മാർപ്പാപ്പാമാരും സ്പാനിഷ് കൊളോണിയലിസവും “ക്രിസ്തു എപ്പോഴും ഐക്യദാർഢ്യമുള്ളവനായിരുന്നു" എന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നതെന്നും പറഞ്ഞു.

ക്രിസ്തുവിന്റെ സന്ദേശം സമാധാനമായിരുന്നു, തുടർന്ന് യഹൂദർ അവനെ പീഡിപ്പിച്ചു. അവർ അവനെ കൊന്നു. എന്നാൽ ക്രിസ്തു മരിച്ചില്ല; ശാരീരികമായി അവർ അവനെ ക്രൂശിൽ കൊന്നു. എന്നാൽ ക്രിസ്തു മരിച്ചവരിൽ നിന്നും ഉയിർത്തെഴുന്നേറ്റു. അവൻ ജീവിക്കുന്നത് ക്രിസ്ത്യൻ ജനങ്ങളിലൂടെയാണ്. മാഫിയകളായ പുരോഹിതന്മാരും ബിഷപ്പുമാരും കർദ്ദിനാൾമാരും മാർപ്പാപ്പമാരും നൽകുന്ന മാതൃകയിലല്ലെന്നും ഒർട്ടേഗ ആരോപിച്ചു.

1936 മുതൽ 1956 വരെ നിക്കരാഗ്വൻ പ്രസിഡന്റും സ്വേച്ഛാധിപതിയുമായിരുന്ന അനസ്താസിയോ സോമോസ ഗാർസിയയെ അനുകൂലിച്ച ബിഷപ്പുമാർക്കെതിരെയും ഒർട്ടേഗ തന്റെ പ്രസംഗത്തിൽ നിലപാടെടുത്തു.

സോമോസ ഒരു സേവകനായിരുന്നുവെന്നും യാങ്കി സാമ്രാജ്യത്വത്തിന്റെ ഏജന്റായിരുന്നുവെന്നും ഒർട്ടേഗ വാദിച്ചു. എന്നിട്ടും ആ കാലഘട്ടത്തിലെ ബിഷപ്പുമാർ സോമോസയുടെ ശവസംസ്‌കാരം നടക്കുമ്പോൾ അവിടേക്കെത്തുകയും സോമോസയെ ഒരു രാജകുമാരനെപ്പോലെ, സഭയുടെ ഒരു കർദ്ദിനാളിനെപ്പോലെ അടക്കം ചെയ്യുകയും ചെയ്തു.

സഭയ്ക്ക് എല്ലാ നേട്ടങ്ങളും നൽകിയ സോമോസ, ഒരു സഹായി ആയിരുന്നു എന്ന കാരണത്താൽ മാത്രമാണ് അവർ അങ്ങനെ പെരുമാറിതെന്നും 2007 ജനുവരി 10 മുതൽ 16 വർഷമായി അധികാരത്തിലിരിക്കുന്ന നിക്കരാഗ്വൻ ഏകാധിപതി ആരോപിച്ചിരുന്നു. മാത്രമല്ല താൻ മാർപ്പാപ്പയിലും രാജാക്കന്മാരിലും വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ ഒർട്ടെഗ, ആരാണ് മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്നതെന്നും ധാർഷ്ട്യത്തോടെ ചോദിച്ചു.

“ജനാധിപത്യത്തെക്കുറിച്ചാണ് നമ്മൾ സംസാരിക്കാൻ പോകുന്നതെങ്കിൽ, ജനങ്ങൾ ആദ്യം തിരഞ്ഞെടുക്കേണ്ടത് ജനങ്ങളുടെ പുരോഹിതരെയാണ്. ഈ പുരോഹിതനാണോ അതോ മറ്റൊരുവനാണോ തങ്ങൾക്ക് നല്ലതെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ജനങ്ങളാണ് ബിഷപ്പുമാരെ തിരഞ്ഞെടുക്കേണ്ടത്. ജനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കുന്നയാളാണ് ബിഷപ്പ് ആകേണ്ടത്" ഏകാധിപതിയായ ഒർട്ടെഗ പറഞ്ഞു.

"ജനങ്ങൾ കർദിനാൾമാരെ തിരഞ്ഞെടുക്കണം, എല്ലാത്തിനും കത്തോലിക്കാ ജനങ്ങൾക്കിടയിൽ ഒരു വോട്ട് ഉണ്ടായിരിക്കണം. അങ്ങനെ മാർപ്പാപ്പയും തിരഞ്ഞെടുക്കപ്പെടും. വത്തിക്കാനിലെ സംഘടിതമായ മാഫിയയല്ല, ജനങ്ങൾ തീരുമാനിക്കട്ടെ!” എന്നും ഏകാധിപതി ആക്രോശിച്ചു. എന്നാൽ ഇതിനെല്ലാം ഉള്ള മറുപടിയാണ് ബിഷപ്പ് ബെയസ് ഏതാനും വാക്കുകളിൽ ഒതുക്കിയത്.

നിക്കരാഗ്വയിൽ പീഡിപ്പിക്കപ്പെടുന്ന സഭ

അടുത്തിടെ മതാഗൽപ്പയിലെ ബിഷപ്പ് റൊളാൻഡോ അൽവാരെസിന് 26 വർഷവും നാല് മാസവും തടവുശിക്ഷ വിധിച്ചത്, ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യത്തെ തുടർന്ന് നിക്കരാഗ്വയിലെ സഭയെ പീഡിപ്പിക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

ഫെബ്രുവരി ഒൻപതിന് വാഷിംഗ്ടൺ ഡി.സി.യിൽ എത്തിയ മറ്റ് 222 രാഷ്ട്രീയ തടവുകാരോടൊപ്പം ബിഷപ്പ് അൽവാരസിനേയും നാടുകടത്താൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം അത് വിസമ്മതിച്ചു. പകരം ദുരിതമനുഭവിക്കുന്ന തന്റെ ജനങ്ങൾക്കൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

നിലവിൽ അദ്ദേഹത്തെമോഡെലോ എന്നറിയപ്പെടുന്ന നിക്കരാഗ്വൻ ജയിലിലെ സുരക്ഷാ സെല്ലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കരുതപ്പെടുന്നു. നാടുകടത്തപ്പെട്ടവരിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ചില വൈദികരും വൈദിക വിദ്യാർത്ഥികളും ഉൾപ്പെടുന്നു.

മാർപ്പാപ്പയുടെ നയതന്ത്ര പ്രതിനിധി ആർച്ച് ബിഷപ്പ് വാൾഡെമർ സ്റ്റാനിസ്ലാവ് സോമർടാഗിനെയും കൽക്കട്ടയിലെ സെന്റ് തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി പോലുള്ള സഭകളെയും ഒർട്ടെഗ കഴിഞ്ഞ വർഷം രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.