ദക്ഷിണാഫ്രിക്കയുടെ മോഹം പൊലിഞ്ഞു; ആറാമതും ലോക കിരീടത്തില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ

ദക്ഷിണാഫ്രിക്കയുടെ മോഹം പൊലിഞ്ഞു; ആറാമതും ലോക കിരീടത്തില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ

കേപ്ടൗണ്‍: കന്നി കിരീടം മോഹിച്ചിറങ്ങിയ ആതിഥേയരെ തറപറ്റിച്ച് ആറാമതും വനിതാ ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഓസ്‌ട്രേലിയ. ഞായറാഴ്ച നടന്ന ഫൈനലില്‍ 19 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ മൂന്നാം ലോക കിരീട ധാരണമാണിത്. 

ഓസീസ് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ സാധിച്ചുള്ളു. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ലോറ വോള്‍വാര്‍ട്ടിന് മാത്രമാണ് ഓസീസ് ബൗളിങിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായത്. 48 പന്തുകള്‍ നേരിട്ട ലോറ മൂന്ന് സിക്‌സും അഞ്ച് ഫോറുമടക്കം 61 റണ്‍സെടുത്തു.

നാലാം വിക്കറ്റില്‍ ലോറയും ക്ലോ ട്രൈയോണും കൂട്ടിച്ചേര്‍ത്ത 55 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് അല്‍പമെങ്കിലും പ്രതീക്ഷ നല്‍കിയത്. ക്ലോ ട്രൈയോൺ  23 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത് പുറത്തായി. തസ്മിന്‍ ബ്രിട്ട്‌സ് (10), മാരിസാന്നെ കാപ്പ് (11), ക്യാപ്റ്റന്‍ സണി ലുസ് (രണ്ട്) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഓസീസിനായി മേഗന്‍ ഷുട്ട്, അഷ്‌ലി ഗാര്‍ഡ്‌നര്‍, ഡാര്‍സി ബ്രൗണ്‍, ജെസ് ജൊനാസെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ബെത്ത് മൂണിയുടെ അര്‍ധ സെഞ്ചുറി മികവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തിരുന്നു. 53 പന്തില്‍ നിന്ന് ഒരു സിക്‌സും ഒമ്പത് ഫോറുമടക്കം 74 റണ്‍സോടെ പുറത്താകാതെ നിന്ന മൂണിയുടെ ഒറ്റയാള്‍ പ്രകടനമാണ് ഓസീസിനെ 150 കടത്തിയത്. മികച്ച പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മൂണി ഒഴികെയുള്ള ബാറ്റര്‍മാര്‍ ആരെയും നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്‌നിം ഇസ്മയിലും മാരിസാന്നെ കാപ്പും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.