നീറ്റ് പിജി പരീക്ഷ മാര്‍ച്ച് അഞ്ചിന് തന്നെ; ഹര്‍ജി തള്ളി സുപ്രീം കോടതി

നീറ്റ് പിജി പരീക്ഷ മാര്‍ച്ച് അഞ്ചിന് തന്നെ;  ഹര്‍ജി തള്ളി സുപ്രീം കോടതി

ന്യൂഡല്‍ഹി: നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. മാര്‍ച്ച് അഞ്ചിന് നടത്താനിരുന്ന പരീക്ഷ മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. നിശ്ചിത തീയതിയില്‍ തന്നെ പരീക്ഷകള്‍ നടത്തണമെന്ന് ഡോക്ടര്‍മാരുടെ ഹര്‍ജി നിരസിച്ച് കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

നീറ്റ് പരീക്ഷയുടെ അപേക്ഷാ പ്രക്രിയ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ ഇന്‍ മെഡിക്കല്‍ സയന്‍സസ് ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. കൂടാതെ അവസാന സെലക്ടീവ് എഡിറ്റ് വിന്‍ഡോ ഫെബ്രുവരി 20 ന് അടച്ചു.

പരീക്ഷയുടെ തിയതിയും കൗണ്‍സിലിംഗ് പ്രക്രിയയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് വാദിച്ചാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. രണ്ട് മാസത്തിന് ശേഷം പരീക്ഷ നടത്തിയാല്‍ തയ്യാറെടുക്കാന്‍ അധിക സമയം ലഭിക്കുമെന്നായിരുന്നു ഇവരുടെ നിലപാട്.

ഈ വിഷയത്തില്‍ നേരത്തെ തെലങ്കാന ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചിരുന്നു. ആറ് മാസം മുമ്പാണ് പരീക്ഷാ തിയതികള്‍ തീരുമാനിച്ചതെന്നും ഇത് അഖിലേന്ത്യാ തലത്തില്‍ നടത്തണമെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് പരീക്ഷ രണ്ടോ മൂന്നോ മാസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നീറ്റ് പിജി 2023 പരീക്ഷാ ഷെഡ്യൂള്‍ അനുസരിച്ച് പരീക്ഷ മാര്‍ച്ച് അഞ്ചിന് നടക്കും. ഫലം മാര്‍ച്ച് 19 ന് പ്രസിദ്ധീകരിക്കും. നേരത്തെ ഹൈക്കോടതിക്കൊപ്പം ദേശീയ മെഡിക്കല്‍ കമ്മീഷനും ആരോഗ്യ മന്ത്രാലയവും നീറ്റ് 2023 പിജി പരീക്ഷ മാറ്റിവയ്ക്കാന്‍ വിസമ്മതിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.