ഗാന്ധിനഗര്‍: ഇന്ത്യയിലെ ആദ്യത്തെ കത്തോലിക്കാ താപസ സന്യാസിനി വിടവാങ്ങി. ഗുജറാത്തിലെ ഗീര്‍വനങ്ങളില്‍ തപസ്സനുഷ്ഠിച്ചിരുന്ന താപസ സന്യാസിനി പ്രസന്നാദേവിയാണ് വിടപറഞ്ഞത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി ജൂനാഗഡ് സെന്റ് ആന്‍സ് പള്ളി വികാരി ഫാ. വിനോദ് കാനാട്ടിന്റെ പരിചരണത്തില്‍ കഴിയവേ ഇന്നലെ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ജൂനാഗഡില്‍.
മാര്‍പാപ്പാ പ്രത്യേക അനുമതി നല്‍കിയാണ് പ്രസന്നാദേവിയുടെ സന്യാസജീവിതത്തിന് അംഗീകാരം നല്‍കിയത്. ഒട്ടേറെ ഗുണപാഠങ്ങളുടെ ഒരു സര്‍വ്വകലാശാലയായാണ് പ്രസന്നാദേവി വിശേഷിക്കപ്പെട്ടിരുന്നത്.
സിംഹവും പുലികളും ധാരാളമുള്ള ഗീര്‍വനത്തില്‍ മലയാളിയായ സന്യാസിനി ഒറ്റയ്ക്ക് ജീവിക്കുന്നത് ഒരു അത്ഭുതം ആയിരുന്നു.
തൊടുപുഴ എഴുമുട്ടം കുന്നപ്പള്ളില്‍ അന്നക്കുട്ടി തന്റെ 22 -ാം വയസിലാണ് കന്യാസ്ത്രിയായത്. ലിറ്റില്‍ സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാര്‍ട്ട് എന്ന സന്യാസിനീ സമൂഹത്തിലെ ഗുജറാത്തിലെ മഠത്തിലായിരുന്നു കന്യാസ്ത്രീയായുള്ള ജീവിതത്തിന് തുടക്കം.
പിന്നീട് താപസ ജീവിതം തെരഞ്ഞെടുത്ത അന്നക്കുട്ടി പ്രസന്നാ ദേവി എന്ന പേരു സ്വീകരിച്ചു ഗീര്‍ വനാന്തരങ്ങളില്‍ തപസാരംഭിച്ചു. പക്ഷെ 1997 ലാണ് വത്തിക്കാന്‍ പ്രസന്നാ ദേവിയെ സന്യാസിനിയായി അംഗീകരിച്ചത്.
ഗുജറാത്തിലെ ജനങ്ങള്‍ക്ക് പ്രസന്നാ ദേവി വനദേവി ആയിരുന്നു. രാജ്‌കോട്ട് രൂപതയിലെ മലയാളി വൈദികര്‍ക്ക് അത്ഭുതമായിരുന്നു പ്രസന്നാ ദേവി. ഗീര്‍ വനത്തിലെ ഗിര്‍നാര്‍ പ്രദേശത്തെ ഗുഹയില്‍ താപസ ജീവിതം നയിച്ച പ്രസന്നാ ദേവിക്ക് കാട്ടിലെ ഫലമൂലാദികളായിരുന്നു ഭക്ഷണം.
ഒറ്റക്കെങ്ങനെ കാട്ടില്‍ കഴിയുന്നു എന്ന ചോദ്യത്തിന് ' ഞാന്‍ ഒറ്റക്കല്ലല്ലോ ദൈവമില്ലേ കൂടെ' എന്നായിരുന്നു മറുചോദ്യം. ഗീര്‍ വനത്തിലെ സിംഹങ്ങള്‍ പോലും പ്രസന്നാ ദേവിയുടെ കൂട്ടുകാര്‍ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26