വരാപ്പുഴയില്‍ സ്‌ഫോടനം നടന്ന പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ; പ്രകമ്പനത്തിൽ നടുക്കം മാറാതെ പ്രദേശവാസികള്‍

വരാപ്പുഴയില്‍ സ്‌ഫോടനം നടന്ന പടക്ക നിര്‍മാണശാല പ്രവര്‍ത്തിച്ചത് ലൈസന്‍സില്ലാതെ; പ്രകമ്പനത്തിൽ നടുക്കം മാറാതെ പ്രദേശവാസികള്‍

കൊച്ചി: എറണാകുളം വരാപ്പുഴയില്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന പടക്ക നിര്‍മാണ ശാലയ്ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് കളക്ടര്‍ രേണു രാജ്. പൂര്‍ണമായും അനധികൃതമായാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. സംഭരിക്കുന്നതിനും വില്‍ക്കുന്നതിനും ലൈസന്‍സുണ്ടെന്ന് ചിലര്‍ പറഞ്ഞിരുന്നെങ്കിലും ഇത് തെറ്റാണെന്നും സംഭവത്തില്‍ തഹസില്‍ദാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി. 

സ്‌ഫോടനത്തില്‍ സ്ഥാപന ഉടമയുടെ അനുജന്‍ ഈരയില്‍ വീട്ടില്‍ ഡേവിസ് (58) മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയിലാണ് ഇയാളുടെ മൃതദേഹം ലഭിച്ചത്. മൂന്ന് കുട്ടികളും സ്ത്രീയും ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ചേരാനെല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. 

തകര്‍ന്ന കെട്ടിടത്തിന് സമീപത്ത് താമസിക്കുന്ന തുണ്ടത്തില്‍ വീട്ടില്‍ ബിജുവിന്റെ ഭാര്യ ഫ്രെഡീന (30), മക്കളായ എസ്തര്‍ (ഏഴ്), എല്‍സ (അഞ്ച്), ഇസബല്‍ (എട്ട്), കൂരന്‍വീട്ടില്‍ കെ.ജെ. മത്തായി (69), മകന്‍ നീരജ് (30), സ്ഥാപന ഉടമ ഈരയില്‍ വീട്ടില്‍ ആന്‍സന്റെ മകന്‍ ജെന്‍സണ്‍ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.  

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് വരാപ്പുഴ മുട്ടിനകം ഡിപ്പോക്കടവ് റോഡില്‍ കോണ്‍വെന്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന പടക്കശാലയിൽ സ്‌ഫോടനം ഉണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടവും അതിനോട് ചേര്‍ന്നുള്ള ഷെഡും സ്‌ഫോടനത്തില്‍ പൂര്‍ണമായി തകര്‍ന്നു. അഞ്ച് കിലോമീറ്റര്‍ അപ്പുറം വരെ സ്‌ഫോടന ശബ്ദം കേട്ടതായാണ് നാട്ടുകാര്‍ പറഞ്ഞു. സമീപത്തെ ഇരുപതോളം വീടുകള്‍ ഭാഗീകമായും ആറോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 

പൊലീസും പറവൂര്‍, ഏലൂര്‍, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ ഫോഴ്‌സും എത്തിയാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍വീര്യമാകാതെ കിടന്ന പടക്കങ്ങള്‍ പൊട്ടിത്തെറിച്ചത് വീണ്ടും പരിഭ്രാന്തി പരത്തി. സ്‌ഫോടനം നടക്കുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് ജീവനക്കാരനായ തമിഴ്‌നാട് സ്വദേശി ബാല മുരുകന്‍ ചായ കുടിക്കാന്‍ പോയതിനാല്‍ അപകടത്തില്‍ നിന്ന് ഇയാള്‍ രക്ഷപെട്ടു. 

ആന്‍സണും കുടുംബവും 30 വര്‍ഷം മുന്‍പ് തുടങ്ങിയ സ്ഥാപനമാണിത്. പ്രായാധിക്യത്തെ തുടര്‍ന്ന് ആന്‍സണ്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. എന്നാല്‍ ഇപ്പോഴും ലൈസന്‍സ് ആന്‍സണിന്റെ പേരിലാണ്. മകന്‍ ജെന്‍സന്റെ മേല്‍നോട്ടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ചൈനീസ് പടക്കങ്ങളും വലിയ ശബ്ദത്തോടെ മുകളില്‍ പോയി പൊട്ടുന്ന പടക്കങ്ങളും ഈ നിര്‍മാണ ശാലയിലുണ്ട്. ഉത്സവ സീസണായതിനാല്‍ ധാരാളം പടക്കളാണ് സ്‌ഫോടനം നടന്ന ഷെഡിലും വീട്ടിലുമായി ഉണ്ടായിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.