മന്ത്രവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന് വ്യാജ പ്രചാരണം; മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെ സീറോ മലബാര്‍ സഭ

മന്ത്രവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയെന്ന് വ്യാജ പ്രചാരണം; മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപമാനിക്കാനുള്ള ശ്രമത്തിനെതിരെ സീറോ മലബാര്‍ സഭ

കൊച്ചി: സീറോ മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒരു കൂട്ടം മന്ത്രവാദികളുടെ മുന്‍പില്‍  മുട്ടുമടക്കി  എന്ന തരത്തില്‍ രണ്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി സീറോ മലബാര്‍ സഭ.

മൂന്ന് വര്‍ഷം മുന്‍പ് തലശേരിയില്‍ നിന്നെത്തിയ വൈദികര്‍ ഉള്‍പ്പെട്ട ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അവര്‍ പിതാവിന് വേണ്ടി പ്രാര്‍ത്ഥിക്കാം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അവര്‍ക്ക് മുന്‍പില്‍ മുട്ടുകുത്തിയതിനെയാണ് ദുഷ്ടലാക്കോടെ ഒരേ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രണ്ട് കുപ്രസിദ്ധ മാധ്യമങ്ങള്‍ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത്.

കത്തോലിക്കാ സഭയിലെ 'കൃപയുടെ പ്രവാഹം' എന്ന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശേഷിപ്പിച്ച കരിസ്മാറ്റിക്ക് പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ അംഗങ്ങളെയാണ് ഈ മഞ്ഞ പത്രക്കങ്ങള്‍ മന്ത്രവാദികള്‍ എന്ന് വിളിക്കുന്നത്.

കര്‍ദിനാള്‍ പ്രാര്‍ത്ഥനയ്ക്കായി മുട്ടുകുത്തിയപ്പോള്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍പ്പെട്ട ഒരാള്‍ എടുത്ത വീഡിയോ വര്‍ഷങ്ങള്‍ക്ക് ശേഷം ആ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുത്ത കടയില്‍ നിന്നാണ് കിട്ടിയത്. അതെടുത്ത് വ്യജ വാര്‍ത്ത സൃഷ്ടിച്ചത് മാധ്യമ റേറ്റിങ്് കൂട്ടാനും സഭാ വിരുദ്ധരെ വളര്‍ത്താനും ഏത് കുതന്ത്രങ്ങളും ഇത്തരക്കാര്‍ പ്രയോഗിക്കും എന്നതിന് തെളിവാണ്.

കര്‍ദിനാള്‍ ധരിക്കുന്നത് രുദ്രാക്ഷ മാലയാണ് എന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്ന മറ്റൊരു കള്ളം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മെത്രാനായപ്പോള്‍ മുതല്‍ ഒലിവ് മരത്തിന്റെ കുരു കൊണ്ടുണ്ടാക്കിയ മാലയാണ് അദ്ദേഹം ഉപയോഗിക്കുന്നത് എന്ന് സഭാ വിശ്വാസികള്‍ക്ക് അറിയാമെങ്കിലും മാധ്യമ രംഗത്തെ പുഴുക്കുത്തുകളായ ഈ മഞ്ഞ പത്രക്കാര്‍ക്ക് അറിയില്ല.

സഭയെയും സഭാ തലവനെയും അപകീര്‍ത്തിപ്പെടുത്തി ക്രൈസ്തവ വിരുദ്ധ മനോഭാവം വളര്‍ത്താനുള്ള ചിലരുടെ നിരന്തര പരിശ്രമത്തിന്റെ അവസാനത്തെ ഉദാഹരണമാണ് തെറ്റിദ്ധാരണ പരത്തുന്ന ഈ വീഡിയോ. യഥാര്‍ത്ഥ ക്രൈസ്തവ സംസ്‌കാരം എന്താണെന്ന് ഇക്കൂട്ടര്‍ക്കറിയില്ല എന്നതിനും തെളിവാണ് ഈ വീഡിയോ.

മാര്‍പ്പാപ്പ മുതല്‍ സാധാരണ വിശ്വാസികള്‍ വരെ എല്ലാവരും പരസ്പരം പ്രാര്‍ത്ഥന സഹായം ചോദിക്കുന്നവരും മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നവരുമാണ്. പരസ്പരം പ്രാര്‍ത്ഥിക്കുന്ന പതിവ് ക്രിസ്തുവില്‍ നിന്നും ശിഷ്യന്മാരില്‍ നിന്നും ആരംഭിച്ചതും കത്തോലിക്കാ സഭയില്‍ എക്കാലവും തുടര്‍ന്നു പോകുന്നതുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.