വത്തിക്കാന്‍ സിറ്റി: പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള കെട്ടിടങ്ങളുടെ ഉപയോഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പാ.
കര്‍ദിനാള്‍മാര്‍, ഡിക്കസ്റ്ററികളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, അണ്ടര്‍ സെക്രട്ടറിമാര്‍ തുടങ്ങിയ വ്യക്തികള്‍ ഇതുവരെ അനുഭവിച്ചു പോന്ന പ്രത്യേക പരിഗണനകള്‍ നിര്‍ത്തലാക്കി. ഇതനുസരിച്ച് ഇതുവരെ അവര്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ താമസം ഇനി മുതല്‍ ലഭിക്കില്ല.
വത്തിക്കാന്‍ കൂരിയയില്‍ സേവനം ചെയ്യുന്ന സമര്‍പ്പിതര്‍ക്കായുള്ള 'ദോമൂസ്' എന്ന പേരില്‍ അറിയപ്പെടുന്ന ഭവനങ്ങള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണങ്ങളുണ്ടാകും. സഭയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കും ദരിദ്രര്‍ക്കായുള്ള സേവനങ്ങള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിനുമാണിത്.
സാമ്പത്തിക കാര്യത്തില്‍ വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ പരിഗണിച്ചും സഭയുടെ കെട്ടിടങ്ങളുടെയും ആസ്തികളുടെയും ശരിയായ നടത്തിപ്പ് വഴി മിഷനറി ദൗത്യത്തിനായി കൂടുതല്‍ പണം കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്ന് മാര്‍പാപ്പാ വ്യക്തമാക്കി.
കൂരിയയില്‍ സേവനം ചെയ്യുന്ന മറ്റുള്ളവര്‍ നല്‍കുന്ന അതേ നിരക്കുകള്‍ ഇനി മുതല്‍ ഏവര്‍ക്കും ബാധകമായിരിക്കും. എന്നാല്‍ റെസ്‌ക്രിപ്ട് നിലവില്‍ വരുന്നതു വരെയുള്ള പ്രത്യേക ഒഴിവുകള്‍ക്ക് ഈ മാറ്റം ബാധകമായിരിക്കില്ല.
പരിശുദ്ധ സിംഹാസനത്തിന്റെ കീഴിലുള്ള സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള സെക്രട്ടേറിയറ്റ് അധ്യക്ഷന്‍ മാക്‌സിമോ കബയ്യേറോ ലേദോയുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് വത്തിക്കാനിലെ ഉന്നത സ്ഥാനം വഹിച്ചിരുന്നവര്‍ക്കുണ്ടായിരുന്ന പ്രത്യേക സൗകര്യങ്ങള്‍ പാപ്പാ നിര്‍ത്തലാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.