ത്രിപുര ഫലം തിരിച്ചടിയായി: കോണ്‍ഗ്രസ് സഹകരണം തുടരുന്നതില്‍ സിപിഎമ്മില്‍ ഭിന്നത; പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും

ത്രിപുര ഫലം തിരിച്ചടിയായി: കോണ്‍ഗ്രസ് സഹകരണം തുടരുന്നതില്‍ സിപിഎമ്മില്‍ ഭിന്നത; പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: ത്രിപുര തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതോടെ കോണ്‍ഗ്രസുമായുള്ള സഖ്യം തുടരണോയെന്ന കാര്യത്തില്‍ സിപിഎമ്മില്‍ ഭിന്നത. അടുത്ത പോളിറ്റ് ബ്യൂറോ യോഗത്തില്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ ഇക്കാര്യം ഉന്നയിക്കും.

സഹകരണം കൊണ്ട് സിപിഎമ്മിന് നഷ്ടവും കോണ്‍ഗ്രസിന് നേട്ടവുമുണ്ടായെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ വാദിക്കുന്നു. സിപിഎമ്മിന് ത്രിപുരയില്‍ വോട്ടും സീറ്റും കുറഞ്ഞ സാഹചര്യത്തില്‍ കൂടിയാണ് ഈ വിമര്‍ശനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് കോണ്‍ഗ്രസ് സഹകരണത്തിന് മുന്‍കൈയ്യെടുത്തത്.

കോണ്‍ഗ്രസുമായി ദേശീയ രാഷ്ട്രീയ സഖ്യമില്ലെന്ന അടവുനയം തുടരാനാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമായത്. കോണ്‍ഗ്രസുമായുള്ള അകലം എത്രയെന്ന് പ്രമേയത്തില്‍ വ്യക്തമാക്കണമെന്ന കേരളത്തിന്റെ നിലപാട് പക്ഷേ അംഗീകരിച്ചില്ല. കേരള ബദലിന് ദേശീയ തലത്തില്‍ പ്രചാരണം നല്‍കാന്‍ തീരുമാനിച്ച സിപിഎം എന്നാല്‍ ഇത് രാഷ്ട്രീയ അടവുനയത്തിന്റെ ഭാഗമാക്കിയില്ല.

ഹിമാചല്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ കേരള മാതൃക ദേശീയ ബദലായി ഉയര്‍ത്തിക്കാട്ടണം എന്ന നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു.

അരവിന്ദ് കെജരിവാള്‍ ഡല്‍ഹി മാതൃക മറ്റു സംസ്ഥാനങ്ങളില്‍ പ്രചരിപ്പിക്കുന്നതു പോലെ കേരള മാതൃക ഉയര്‍ത്തിക്കാട്ടാന്‍ പാര്‍ട്ടി മടിക്കരുത് എന്നാണായിരുന്നു നിര്‍ദേശം. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കുള്ള പ്രചാരണത്തില്‍ ഇതും ഉള്‍പ്പെടുത്താനാണ് അന്ന് തീരുമാനമെടുത്തത്.

എന്നാല്‍ പശ്ചിമ ബംഗാളിലേത് പോലെ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഹകരണം എന്ന തന്ത്രം ത്രിപുരയിലും പ്രയോഗിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തവണ ത്രിപുരയില്‍ 60 ല്‍ 17 സീറ്റ് കോണ്‍ഗ്രസിന് നല്‍കിയത്. സിപിഎമ്മിന് 11 സീറ്റ് മാത്രമാണ് സംസ്ഥാനത്ത് നേടാനായത്. കഴിഞ്ഞ തവണ ഒരു സീറ്റ് പോലും കിട്ടാതിരുന്ന കോണ്‍ഗ്രസിന് നാല് സീറ്റ് നേടാനുമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.