ഏത് ദുര്‍ഘട മേഖലകളിലും പറന്നിറങ്ങാന്‍ കഴിയുന്ന ജെറ്റ് പാക്ക് സ്യൂട്ടുകള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

ഏത് ദുര്‍ഘട മേഖലകളിലും പറന്നിറങ്ങാന്‍ കഴിയുന്ന ജെറ്റ് പാക്ക് സ്യൂട്ടുകള്‍ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: പ്രതികൂല കാലാവസ്ഥ മൂലം ട്രക്കുകള്‍ക്കും ഹെലികോപ്ടറുകള്‍ക്കും കടന്നെത്താനാകാത്ത അതിര്‍ത്തി പ്രദേശങ്ങളില്‍ പറന്നിറങ്ങാന്‍ പറ്റുന്ന ജെറ്റ് പാക്ക് സ്യൂട്ടുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൈന്യം.

ജെറ്റ് സ്യൂട്ടുകള്‍ സേനയുടെ ഭാഗമാകുന്നതോടെ വിമാനത്തിന്റെ സഹായമില്ലാതെ തന്നെ ഓരോ സൈനികനും ഏത് ദുര്‍ഘട മേഖലകളിലുമെത്താം. ധരിച്ചിരിക്കുന്ന ആള്‍ക്ക് അനായാസം വായുവില്‍ ഉയര്‍ന്ന് പൊങ്ങി പത്ത് കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സഹായിക്കുന്ന ജെറ്റ് സ്യൂട്ടുകള്‍ സ്വന്തമാക്കാനാണ് ഇന്ത്യന്‍ സൈന്യം ഒരുങ്ങുന്നത്.

ആയുധധാരിയായ സൈനികന് യഥേഷ്ടം വായുവിലൂടെ സഞ്ചരിക്കാമെന്നതിനാല്‍ അതിര്‍ത്തി നിരീക്ഷണത്തിനും സംരക്ഷണത്തിനും ജെറ്റ് സ്യൂട്ടുകള്‍ മുതല്‍ക്കൂട്ടാകും. കൂടാതെ രക്ഷാപ്രവര്‍ത്തനത്തിനും ഉപയോഗ പ്രദമാണ്.

വാതക-ദ്രാവക ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന 48 ഓളം ജെറ്റ് പാക്ക് സ്യൂട്ടുകള്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ വാങ്ങാനുള്ള തീരുമാനത്തിലാണ് സൈന്യം.

ബംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അബ്‌സൊല്യൂട്ട് കോംപോസിറ്റ് പ്രൈവറ്റ് ലിമിറ്റഡാണ് ഇന്ത്യന്‍ സൈന്യത്തിനായി ജെറ്റ് പാക്ക് സ്യൂട്ടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. ഇന്ത്യന്‍ സൈന്യത്തിന് ഏറെ പുതുമയുള്ളതാണെങ്കിലും മറ്റു പല ലോകരാജ്യങ്ങളും നിലവില്‍ ജെറ്റ് സ്യൂട്ടുകള്‍ സൈനികാവശ്യത്തിനായി പരീക്ഷിച്ച് വരുന്നുണ്ട്.

ബ്രിട്ടീഷ് നേവിയും റോയല്‍ മറീന്‍സും സംയുക്തമായി ജെറ്റ് സ്യൂട്ട് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.