ഏഷ്യാനെറ്റ് ഓഫീസ് ആക്രമണം; എസ്എഫ്‌ഐ ജില്ലാ നേതാക്കള്‍ അടക്കം എട്ട് പേര്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ഓഫീസ് ആക്രമണം; എസ്എഫ്‌ഐ ജില്ലാ നേതാക്കള്‍ അടക്കം എട്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണല്‍ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ജില്ലാ നേതാക്കള്‍ അടക്കം എട്ട് പേര്‍ അറസ്റ്റില്‍.

എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പ്രജിത് ബാബു, ജില്ലാ കമ്മിറ്റിയംഗം ശരത്, തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി, ബ്രഹ്മദത്ത് ദേവ്, ശരത്, അമര്‍ജിത്, മുഹമ്മദ് ഷനോഫ്, ബ്രിജിത് രാജ്, അമല്‍ജിത് ബാബു തുടങ്ങി കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്.

ഇന്നലെയാണ് ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ എസ്എഫ്‌ഐ അതിക്രമം നടന്നത്. അന്യായമായി സംഘം ചേര്‍ന്ന് ഓഫീസിനുളളിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിന് മുപ്പതോളം പേര്‍ക്കെതിരെയാണ് പൊലീസിന്റെ എഫ്‌ഐആര്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറും അറിയിച്ചു.

അതിക്രമത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സിപിഎമ്മും എസ്എഫ്‌ഐയും കടുത്ത പ്രതിരോധത്തിലായത്. സാമാന്യ മര്യാദയുടെ സകല സീമകളും ലംഘിച്ചുളള പ്രതിഷേധം പാര്‍ട്ടിയേയും സംഘടനയേയും പൊതുസമൂഹത്തിന് മുന്നില്‍ അപമാനിതരാക്കിയെന്ന് വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നു.

ശേഷിക്കുന്ന പ്രതികള്‍ക്കെതിരേയും വേഗത്തില്‍ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി. നായര്‍ നല്‍കിയ പരാതിയിലാണ് കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.