ന്യൂഡല്‍ഹി: കോവിഡിന് പിന്നാലെ ആശങ്കയായി എച്ച് 3 എന്‍ 2 വൈറസ്. രാജ്യത്തൊട്ടാകെ പതിനായിരത്തിലധികം എച്ച് 3 എന്‍ 2 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്‍ഫ്‌ളുവന്‍സ എ സബ് ടൈപ്പ് എച്ച് 3 എന്‍ 2 വൈറസ് മൂന്നാഴ്ച വരെ നീണ്ടുനില്‍ക്കുന്ന ചുമയ്ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
മറ്റ് ഫ്‌ളൂ സബ് ടൈപ്പുകളെക്കാളും ആശുപത്രി വാസത്തിന് ഇടയാക്കുന്നതാണ് എച്ച് 3 എന്‍2 എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) മുന്നറിയിപ്പ് നല്‍കുന്നു. എച്ച് 3 എന്‍ 2 ബാധിക്കുന്നവരില്‍ 92 ശതമാനം പേര്‍ക്ക് പനി ഉണ്ടാകുന്നു. 86 ശതമാനം പേര്‍ക്ക് ചുമ, 27 ശതമാനം പേര്‍ക്ക് ശ്വാസ തടസം, 16 ശതമാനം പേര്‍ക്ക് തുമ്മല്‍, 16 ശതമാനം പേര്‍ക്ക് ന്യുമോണിയ, ആറ് ശതമാനം പേര്‍ക്ക് അപസ്മാരം എന്നിവയ്ക്ക് എച്ച് 3 എന്‍ 2 കാരണമാകുന്നുവെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.
കൂടാതെ പത്ത് ശതമാനം പേരില്‍ കടുത്ത ശ്വാസകോശ അണുബാധ ഉണ്ടാക്കുകയും ഏഴ് ശതമാനം പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടാനും ഇടയാക്കുന്നു. അതേസമയം, പനി പകര്‍ച്ചയുമായി ബന്ധപ്പെട്ട് ആളുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ധാരാളമായി ആന്റിബയോടിക് മരുന്ന് കഴിക്കുന്നുണ്ടെന്നും ഇത് ആന്റിബയോടിക് പ്രതിരോധത്തിന് കാരണമാകുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു.
ഇത്തരം പ്രവണതകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ യഥാര്‍ത്ഥ രോഗത്തിന് ആന്റിബയോടിക് മരുന്ന് കഴിക്കുമ്പോള്‍ ഫലം ലഭിക്കില്ലെന്നും എംഎഎ മുന്നറിയിപ്പ് നല്‍കുന്നു. 15 വയസിന് താഴെയുള്ളവരെയും 50 വയസിന് മുകളിലുള്ളവരെയുമാണ് എച്ച്3 എന്‍ 2 കൂടുതലായും ബാധിക്കുന്നത്.
പനി, വിറയല്‍, ചുമ, തലകറക്കം, ഛര്‍ദ്ദി, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, മൂക്കൊലിപ്പ്, തുമ്മല്‍എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഇത് പകരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഷേക്ക് ഹാന്‍ഡ്, ആലിംഗനം എന്നിവ ഒഴിവാക്കുക, പൊതുയിടങ്ങളില്‍ തുപ്പരുത്, സ്വയം ചികിത്സ പാടില്ല, ആള്‍ക്കൂട്ടത്തിനിടയിലിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക, മാസ്‌ക് ധരിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, മൂക്കും വായും ഇടയ്ക്കിടെ സ്പര്‍ശിക്കാതിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ പൊത്തിപ്പിടിക്കുക, എപ്പോഴും വെള്ളം കുടിക്കുക, ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം മരുന്ന് കഴിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.