ചാരബലൂണുകൾ നേരിടാൻ ഇന്ത്യൻ പ്രതിരോധ സേനയുടെ കർമ്മ പദ്ധതി; ചർച്ചകൾ അന്തിമഘട്ടത്തിൽ

ചാരബലൂണുകൾ നേരിടാൻ ഇന്ത്യൻ പ്രതിരോധ സേനയുടെ കർമ്മ പദ്ധതി; ചർച്ചകൾ അന്തിമഘട്ടത്തിൽ

ന്യൂഡൽഹി: അമേരിക്കൻ വ്യോമാതിർത്തിയിൽ ചൈനീസ് ചാരബലൂൺ പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിൽ രാജ്യത്ത് അനധികൃതമായി പ്രവേശിക്കുന്ന ചാരബലൂണുകൾ നേരിടാനുള്ള കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകാൻ ഇന്ത്യൻ പ്രതിരോധ സേന തയ്യാറെടുക്കുന്നു. 

ഭാവിയിൽ ചൈനീസ് ചാര ബലൂണുകൾ ഇന്ത്യയുടെ അതിർത്തി കടന്നെത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് കർമ്മ പദ്ധതിക്ക് രൂപം നൽകുന്നത്. വിഷയത്തിൽ ചർച്ച നടക്കുകയാണെന്നും വിശദാംശങ്ങൾ പഠിച്ചുവരികയാണെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇന്ത്യൻ പ്രതിരോധ സേനകൾ സർക്കാരിന്റെ അംഗീകാരത്തിനായി ഒരു ഏകീകൃത പ്രവർത്തന പദ്ധതി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 60,000 അടിക്ക് മുകളിൽ പ്രവർത്തിക്കുന്ന ഇത്തരം പറക്കുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട് നിലവിലുള്ള അന്താരാഷ്ട്ര നിയമങ്ങൾ ഇന്ത്യൻ സൈന്യം പരിശോധിച്ചു വരികയാണ്. 

ഇത്തരം വസ്തുക്കളെ കണ്ടെത്തുന്നതിന് രാജ്യത്ത് നിലവിലുള്ള റഡാർ ശൃംഖല ഉപയോഗിക്കുന്നതിനെ കുറിച്ചും സൈന്യം ചർച്ച ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ മാസം യുഎസ് വ്യോമാതിർത്തിയിൽ ചാരബലൂൺ കണ്ടെത്തിയത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ ബലൂൺ യുഎസ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. 

ആണവ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സുപ്രധാന കേന്ദ്രങ്ങൾക്ക് മുകളിലൂടെയായിരുന്നു ബലൂണ്‍ സഞ്ചരിച്ചതെന്നും ബലൂണ്‍ വഴിയുള്ള വിവരശേഖരണമായിരിക്കണം ചൈനയുടെ ലക്ഷ്യമെന്നും യുഎസിന്റെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ ആരോപിച്ചു.

രാജ്യത്തെ മൂന്ന് ആണവ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മാല്‍സ്‌ട്രോം വ്യോമസേനാ ആസ്ഥാനം സ്ഥിതിചെയ്യുന്ന മൊണ്ടാനയിലാണ് ബലൂണ്‍ ആദ്യമായി ദൃശ്യമായാത്. 

അതേസമയം ചാര ബലൂണല്ലെന്നും കാലാവസ്ഥ സംബന്ധിച്ച് പഠനം നടത്തുന്ന ബലൂൺ കാറ്റിൽ ദിശതെറ്റി യുഎസ് വ്യോമമേഖലയിൽ എത്തുകയായിരുന്നുവെന്നുമാണ് ചൈനയുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.