എയർ ഇന്ത്യ യാത്രാനുമതി നിഷേധിച്ചു: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ക​ഴിയാതെ പോയ യാത്രക്കാരന് ഏഴ് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

എയർ ഇന്ത്യ യാത്രാനുമതി നിഷേധിച്ചു: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ക​ഴിയാതെ പോയ യാത്രക്കാരന് ഏഴ് ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

കോട്ടയം: യാത്രാടിക്കറ്റ് ഉണ്ടായിട്ടും ഇംഗ്ലണ്ടിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിനാൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ക​ഴിയാതിരുന്ന യാത്രക്കാരന് എയർ ഇന്ത്യ ഏഴുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്.​ കോട്ടയം ഉദയനാപുരം തെനാറ്റ്​ ആന്റണി നൽകിയ പരാതിയിലാണ് കോട്ടയം ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടത്. 

2018 ആഗസ്റ്റ് 28ന് ഇംഗ്ലണ്ടിലെ ബർമിങ്​ഹാമിൽ നടക്കുന്ന മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാണ്​ ആഗസ്റ്റ് 25ന് കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ആന്റണി ടിക്കറ്റ് ബുക്ക് ചെയ്തത്. കൊച്ചിയിൽ നിന്ന്​ യാത്ര ചെയ്യാനാവാതെ വന്നതോടെ ഡൽഹിയിൽ നിന്നുള്ള എയർ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ ബർമിങ്ഹാമിലേക്കുള്ള ടിക്കറ്റെടുത്തു. എന്നാൽ ബ്രിട്ടനിലെ സ്ഥിരതാമസ പെർമിറ്റുള്ള ആന്റണി രണ്ട് വർഷത്തിൽ കൂടുതൽ ബ്രിട്ടന് പുറത്ത് താമസിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്​ എയർ ഇന്ത്യ യാത്ര വിലക്കിയത്​.

പിന്നീട് കൊച്ചിയിലേക്ക്​ മടങ്ങിയ ആന്റണി തൊട്ടടുത്ത ദിവസം കൊച്ചിയിൽ നിന്ന് ഖത്തർ എയർവേയ്സിൽ ഖത്തർ വഴി മാഞ്ചസ്റ്ററിലും പിന്നീട് റോഡ് മാർഗം ബർമിങ്​ഹാമിലും എത്തിയപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞിരുന്നു.

എയർ ഇന്ത്യ നിരസിച്ച യാത്ര പെർമിറ്റ് ഉപയോഗിച്ചാണ് ആന്റണി ഖത്തർ എയർവേയ്സിൽ യാത്ര ചെയ്തതെന്ന് കമ്മീഷൻ കണ്ടെത്തി. മതിയായ യാത്രാരേഖകളും സാധുവായ ടിക്കറ്റും ഉണ്ടായിരുന്നിട്ടും അന്യായമായ കാരണങ്ങൾ നിരത്തി യാത്രാനുമതി നിഷേധിച്ചത് എയർ ഇന്ത്യയുടെ ഭാഗത്തുണ്ടായ സേവന ന്യൂനതയാണെന്ന് കമ്മീഷൻ വിലയിരുത്തി.

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നതിലുള്ള മാനസിക ബുദ്ധിമുട്ടിനും കഷ്ടപ്പാടുകൾക്കും നഷ്ടപരിഹാരമായാണ് ഏഴുലക്ഷം രൂപ നൽകാൻ കമ്മീഷൻ ഉത്തരവിട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.