ഹോസ്റ്റലുകളിൽ താമസിക്കുന്ന കൊച്ചിയിലെ വിദ്യാർത്ഥികൾക്ക് നിർബന്ധിത അവധി നൽകണം: ടോണി ചിറ്റിലപ്പിള്ളി

ഹോസ്റ്റലുകളിൽ താമസിക്കുന്ന കൊച്ചിയിലെ വിദ്യാർത്ഥികൾക്ക് നിർബന്ധിത അവധി നൽകണം: ടോണി ചിറ്റിലപ്പിള്ളി

കൊച്ചി: കൊച്ചിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കെങ്കിലും താൽക്കാലികമായി അവധിനൽകിയാൽ, പുകയുടെ ദുരന്തഫലങ്ങളിൽനിന്നു വരും തലമുറയെയെങ്കിലും രക്ഷിക്കാൻ കഴിയും. ഒന്നും രണ്ടും ദിവസങ്ങളിലേക്ക് അവധി പ്രഖ്യാപിക്കുന്നതുകൊണ്ട് പ്രയോജനമില്ല. കുട്ടികൾ ഹോസ്റ്റലുകളിൽ തന്നെ തങ്ങും. അവർ ഇപ്പോഴത്തെ സാഹചര്യം മെച്ചപ്പെടുന്നതുവരെ വീടുകളിലേക്കു പോകട്ടെ. സർക്കാർ അതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കും എന്നു കരുതാം.

വിഷപ്പുകയിൽ ശ്വാസം മുട്ടുന്ന ഹോസ്റ്റലുകളിൽ താമസിക്കുന്ന കൊച്ചിയിലെ വിദ്യാർത്ഥികളെയെങ്കിലും മാറ്റിനിർത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമോ? അവർക്ക് നിർബന്ധിത അവധി നൽകണം. മാലിന്യകൂമ്പാരത്തിനു നിയന്ത്രണാതീതമായ രീതിയിൽ തീപിടിക്കാൻ കാരണമെന്തെന്നോ, ഉത്തരവാദികൾ ആരെന്നോ ആർക്കും നിശ്ചയമില്ല. സർക്കാരും ഇക്കാര്യത്തിൽ ഇരുട്ടിൽത്തപ്പുകയാണ്. അന്വേഷണം  ആവശ്യമാണ്. ഉത്തരവാദികളായവരെ കണ്ടെത്തുകയും വേണം. അതെല്ലാം മുറപോലെ നടക്കട്ടെ.

കൊച്ചിയിലെ വിഷപ്പുകയും വിദ്യാർത്ഥികളുടെ ആരോഗ്യവും

തീ പിടിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും വിഷപ്പുകയിൽ ശ്വാസം മുട്ടി നിൽക്കുകയാണ് കൊച്ചി നഗരം. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ ഇതുവരെയും അണയ്ക്കാനായില്ല.പുകയും രൂക്ഷ ഗന്ധവും കാരണം ജനങ്ങൾ രണ്ട് ദിവസമായി ശ്വസിക്കുന്നത് വിഷമാണ്.ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം ഗുരുതര ആരോഗ്യപ്രശ്നമായി മാറുകയാണ്.വിഷപ്പുക ശ്വസിച്ച് വരും തലമുറ നശിക്കാൻ ഇതിൽപ്പരം എന്തു വേണം?

ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും വായു മലിനീകരണം ബാധിക്കും. മലിനമായ വായുവുമായി ഉയർന്ന അളവിൽ സമ്പർക്കം പുലർത്തുന്നത് ശ്വാസകോശ സംബന്ധമായ അണുബാധകൾ, ഹൃദ്രോഗം, ശ്വാസകോശ അർബുദം എന്നിവയ്ക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രതിരോധശേഷി കുറഞ്ഞവർ, കുട്ടികൾ, പ്രായമായവർ എന്നിവർക്കാണ് രോഗം വരാനുള്ള സാധ്യത കൂടുതൽ.

പുക അടങ്ങുന്നതുവരെ അകലം പാലിക്കുന്നതാണ് അഭികാമ്യം. എത്രയും വിഷപ്പുക ശ്വസിച്ചുണ്ടോ അത്രയും ആരോഗ്യത്തെ ബാധിക്കാനാണ് സാധ്യത. ഡൈഓക്സിൻ (Dioxins), പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോ കാർബണുകൾ (PAHs) എന്നിവ കാൻസറിനു വഴിയൊരുക്കുന്ന മാകര വിഷമാണ്. വിഷപ്പുക ശ്വസിച്ച് ശ്വാസം മുട്ടൽ, അലർജി, ഛർദ്ദി എന്നിവ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യ സഹായം തേടണം.

പൊടി, പുക, വാതകം തുടങ്ങി അന്തരീക്ഷത്തിലെ മാലിന്യം ശ്വസിക്കുന്നത് ശാരീരിക പ്രവർത്തനങ്ങളെ അവതാളത്തിലാക്കും. ശരീരത്തിലുടനീളമുള്ള കോശങ്ങളിലെ വീക്കം, ജനിതകവ്യതിയാനം, പ്രതിരോധശേഷി കുറയ്ക്കൽ, ഓക്‌സിഡേറ്റീവ് സ്ട്രെസ് എന്നിവയ്ക്ക് ഇത് കാരണമാകും. ക്രമേണ ശ്വാസകോശം, ഹൃദയം, തലച്ചോറ് എന്നിവയെ ബാധിക്കുകയും ഗുരതരമായ രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. മലിനമായ വായു ശ്വസിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം, ന്യുമോണിയ, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖം തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.

സ്വീകരിക്കേണ്ട മൂൻകരുതലുകൾ
തീപിടുത്തമുണ്ടായ സ്ഥലത്തുനിന്നും ഒഴിഞ്ഞു മാറി നിൽക്കുന്നതാണ് ഏറ്റലും നല്ലത്. അപകടമുണ്ടായ സ്ഥലം കാണാനുള്ള കൗതുകമൊക്കെ തോന്നുമെങ്കിലും ആരോഗ്യ പ്രശ്നങ്ങളെ കരുതി അതിനു മുതിരരുത്. അടുത്ത താമസിക്കുന്നവർ അടിയന്തരമായി ബന്ധുകളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിലേക്ക് താൽക്കാലികമായി താമസം മാറുക. തീ പൂർണമായി അണഞ്ഞ് വിഷപുക പൂർണമായും ഇല്ലാതായിയെന്ന് വ്യക്തമായാൽ മാത്രം വീടുകളിലേക്ക് മടങ്ങിവരുന്നതാണ് ആരോഗ്യത്തിനു നല്ലത്. ഫാക്ടറി ജീവനക്കാരും ഫയർ ഫോഴ്സ് ജീവനക്കാരും ആരോഗ്യ പരിസ്ഥിതി– പ്രവർത്തകരുമെല്ലാം സംഭവസ്ഥലത്തേയ്ക്ക് പോകുമ്പോൾ സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമായും ധരിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26