കക്കുകളി നാടക വിവാദം: സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത; ഞായറാഴ്ച ഇടവകകളില്‍ പ്രതിഷേധം, തിങ്കളാഴ്ച കളക്ടറേറ്റ് മാര്‍ച്ച്

കക്കുകളി നാടക വിവാദം: സര്‍ക്കാരിനെതിരെ തൃശൂര്‍ അതിരൂപത; ഞായറാഴ്ച ഇടവകകളില്‍ പ്രതിഷേധം, തിങ്കളാഴ്ച കളക്ടറേറ്റ് മാര്‍ച്ച്

തൃശൂര്‍: ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും അവഹേളിക്കുന്ന കക്കുകളി എന്ന നാടകത്തിന്റെ അവതരണത്തിനെതിരെ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപത.

സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി ഇടവകകളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും കളക്ടറേറ്റ് മാര്‍ച്ച് നടത്താനുമാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 9.30 ന് തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ നിന്ന് കളക്ടറേറ്റിലേക്ക് പ്രതിഷേധ റാലി നടത്തും.

ക്രൈസ്തവ വിശ്വാസത്തേയും സ്ഥാപനങ്ങളെയും പൊതുസമൂഹത്തിന് മുമ്പില്‍ അപഹാസ്യമായി ചിത്രീകരിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നും ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് കന്യാസ്ത്രീ മഠങ്ങളെ ചൂഷണ, പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിച്ചുകൊണ്ട് ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കക്കുകളി എന്ന വിവാദ നാടകമെന്നും ഇതു സംബന്ധിച്ച് അതിരൂപത പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കുലറില്‍ നിന്ന്:

'കന്യാസ്ത്രീ മഠങ്ങളിലേക്ക് കടന്നു ചെല്ലുന്ന പെണ്‍കുട്ടികളെ അടിമകളാക്കി പണിയെടുപ്പിക്കുക, അവരെ പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുക എന്നതാണ് മഠങ്ങളില്‍ നടക്കുന്നത് എന്ന തെറ്റായ ആശയമാണ് ഈ നാടകത്തിന്റെ ഇതി വൃത്തം.

സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ തൃശൂരില്‍ നടന്ന നാടകോത്സവത്തില്‍ ഈ വിവാദനാടകം അവതരിപ്പിക്കുകയും സംസ്ഥാനത്തെ സാംസ്‌കാരിക മന്ത്രി തന്നെ നാടകാവതരണത്തെയും അതിലെ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

ഗുരുവായൂര്‍ നഗരസഭയുടെ സര്‍ഗോത്സവത്തിലും ഈ നാടകം വീണ്ടും അവതരിപ്പിക്കപ്പെട്ടു. പൊതുഖജനാവില്‍ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസത്തെയും വിശിഷ്യാ സന്യസ്തരെയും വികലമായി ചിത്രീകരിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്.

ഒരു മതത്തിന്റെ വിശ്വാസത്തെയും ആചാര മൂല്യങ്ങളെയും താറടിച്ചു കാണിക്കുകയും ആ സമൂഹം ചെയ്യുന്ന നന്മകളെ സമൂഹത്തില്‍ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂര്‍വ്വമുള്ള ശ്രമങ്ങള്‍ അപലപനീയമാണ്. ഈ അധിക്ഷേപ നാടകാവതരണത്തിന് എതിരെയും അതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെയും അധികൃതരുടെയും നിലപാടുകള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്തേണ്ടത് ഇപ്പോഴത്തെ ആവശ്യമാണ്.

ഞായറാഴ്ച എല്ലാ ഇടവകകളിലും രാവിലെ കുര്‍ബാനക്ക് ശേഷം എല്ലാ വിശ്വാസികളെയും, പ്രത്യേകിച്ച് സമര്‍പ്പിതരെയും ഭക്തസംഘടന അംഗങ്ങളെയും പങ്കെടുപ്പിച്ച് ഇടവക വികാരിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കണം. നാടകം വിശ്വാസികളുടെ മനസില്‍ ഉളവാക്കിയ മനോവേദനയും അമര്‍ഷവും പ്രകടിപ്പിക്കുവാന്‍ തിങ്കളാഴ്ച രാവിലെ 9.30 ന് തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ നിന്ന് കളക്ടറേറ്റിലേക്ക് പ്രതിഷേധ റാലി നടത്തും'.

പ്രതിഷേധറാലിയിലും തുടര്‍ന്നുള്ള ധര്‍ണയിലും പരമാമാവധി ആളുകളെ പങ്കെടുപ്പിക്കണമെന്ന അഭ്യര്‍ത്ഥനയോടെ അതിരൂപതാ വികാരി ജനറാള്‍ മോണ്‍.ജോസ് വല്ലൂരാനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.