കൊച്ചി: ഒന്‍പതാം ദിവസവും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നതിനിടെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് സന്ദര്‍ശിച്ച് മന്ത്രി പി.രാജീവും മന്ത്രി എം.ബി രാജേഷും. ബ്രഹ്മപുരത്തെ പ്രശ്നം പരിഹരിക്കാന്‍ സാധ്യമാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഫയര്‍ഫോഴ്സ് ഉള്‍പ്പെടെ എല്ലാ വകുപ്പുകളും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്നും പഞ്ചായത്ത് കൂട്ടായ പ്രവര്‍ത്തനം നടത്തിയെന്നും മന്ത്രി പറഞ്ഞു.
ബ്രഹ്മപുരത്ത് നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഭാവിയില്‍ ഇത്തരം അനുഭവങ്ങളുണ്ടാകാന്‍ പാടില്ലെന്ന പാഠമാണ് ഇത് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. തീപ്പിടുത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജനപ്രതിനിധികളുടേയും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഒമ്പതു ദിവസം പിന്നിട്ടപ്പോള്‍ എഴുപത് ശതമാനത്തോളം തീയണയ്ക്കാനായി എന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്തു നിന്നും കണ്ണൂര്‍ വരെയുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്‌നിരക്ഷാ സേനാനംഗങ്ങളെയാണ് ബ്രഹ്മപുരത്ത് വിന്യസിച്ചത്. അഗ്നിരക്ഷാ സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ക്കു പുറമെ ആലപ്പുഴയില്‍ നിന്ന് എത്തിച്ചിട്ടുള്ള മൂന്ന് ഉയര്‍ന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് മിനിറ്റില്‍ 60,000 ലിറ്റര്‍ എന്ന തോതില്‍ വെള്ളം പമ്പ് ചെയ്യുന്നുണ്ട്.
പുക ഉയരുന്ന മേഖലകളില്‍ മാലിന്യങ്ങള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഇളക്കി അകത്തേക്ക് വെള്ളം പമ്പ് ചെയ്യുകയാണ് ചെയ്യുന്നത്. മാലിന്യ നീക്കത്തിനായി 36 ഹിറ്റാച്ചി, ജെ.സി.ബി.കള്‍, 31 ഫയര്‍ യൂണിറ്റുകള്‍, നാല് ഹെലികോപ്റ്ററുകള്‍, 14 അതിതീവ്ര മര്‍ദ ശേഷിയുള്ള ജലവാഹക പമ്പുകള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.