ബ്രഹ്മപുരത്തേക്ക് മാലിന്യവുമായെത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു: മാലിന്യം എത്തിച്ചത് അർധരാത്രി; പ്രദേശത്ത് വൻ പൊലീസ് സന്നാഹം

ബ്രഹ്മപുരത്തേക്ക് മാലിന്യവുമായെത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു: മാലിന്യം എത്തിച്ചത് അർധരാത്രി; പ്രദേശത്ത് വൻ പൊലീസ് സന്നാഹം

കൊച്ചി: അർധരാത്രി ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് മാലിന്യവുമായെത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു. രാത്രി രണ്ട് മണിയോടെ പൊലീസ് അകമ്പടിയോടെയാണ് അമ്പതിലധികം ലോറികൾ പ്ലാന്‍റിലേക്ക് എത്തിയത്. 

വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ബ്രഹ്മപുരം മാലിന്യപ്ലാന്റിന് സമീപത്ത് വച്ച് ലോറികൾ തടഞ്ഞു. സ്ഥലത്ത് എത്തിയ പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കുകയും മാലിന്യവുമായി വന്ന ലോറികൾ പ്ലാന്റിലേക്ക് കടത്തിവിടുകയും ചെയ്തു.

ജൈവ്യ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന നടപടികളും ഇന്നലെ ആരംഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ ഭയന്ന് ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നത് എവിടെയെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് മാലിന്യ ലോറികൾ ബ്രഹ്മപുരത്തേക്ക് എത്തിയത്. ബ്രഹ്മപുരം തീപിടിത്തത്തെത്തുടര്‍ന്ന് എട്ട് ദിവസത്തോളം നിലച്ചിരുന്ന മാലിന്യ ശേഖരണമാണ് ഇന്നലെ കോര്‍പ്പറേഷന്‍ പുനരാരംഭിച്ചത്.

മാലിന്യ നീക്കം പഴയ പടിയാകാന്‍ രാണ്ടാഴ്ചയോളം സമയമെടുക്കും. എത്രയും വേഗം ഇവ സംസ്‌കരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ. അഷറഫ് പറഞ്ഞു. മാലിന്യം കുമിഞ്ഞ് കൂടിയതോടെ വിവിധയിടങ്ങളിൽ നിന്ന് പരാതി ഉയര്‍ന്നിരുന്നു. ഇത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ദ്രുതഗതിയില്‍ മാലിന്യശേഖരണം നടത്തി വരികയാണ്. 

അതേസമയം ബ്രഹ്മപുരത്തെ പുക നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ ഇന്നും തുടരുകയാണ്. തീ 80 ശതമാനം നിയന്ത്രണ വിധേയമായതോടെ രണ്ട് ദിവസത്തിനുള്ളിൽ പുകയും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷ.

സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന നിരീക്ഷണ സമിതി ഇന്ന് ബ്രഹ്മപുരത്ത് സന്ദർശനം നടത്തിയേക്കും. ശുചിത്വ മിഷൻ ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ, ജില്ലാ കലക്ടർ എന്നിവരായിരിക്കും ബ്രഹ്മപുരത്ത് എത്തുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.