കേന്ദ്ര സാഹിത്യ അക്കാഡമി തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അട്ടിമറി; മലയാളി സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ ഒരു വോട്ടിന് തോറ്റു

കേന്ദ്ര സാഹിത്യ അക്കാഡമി തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അട്ടിമറി; മലയാളി സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ ഒരു വോട്ടിന് തോറ്റു

ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാഡമി ഭരണം പിടിച്ചെടുക്കാന്‍ ശ്രമിച്ച സംഘപരിവാര്‍ അനുകൂല സാഹിത്യകാരന്‍മാര്‍ക്കു നേട്ടം. അട്ടിമറിയോടെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം. ഔദ്യോഗിക പാനലില്‍ മത്സരിച്ച മലയാളി സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ പരാജയപ്പെട്ടു. സംഘപരിവാര്‍ പിന്തുണയോടെ മത്സരിച്ച ഡല്‍ഹി സര്‍വകലാശാല അധ്യാപികയും ഹിന്ദി എഴുത്തുകാരിയുമായ പ്രൊഫ. കുമുദ് ശര്‍മയാണ് രാധാകൃഷ്ണനെ പരാജയപ്പെടുത്തിയത്.

കേന്ദ്ര സാഹിത്യ അക്കാഡമിയുടെ 24 അംഗ നിര്‍വാഹക സമിതിയിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. 92 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. നിലവിലെ അധ്യക്ഷന്‍ ചന്ദ്രശേഖര കമ്പാര്‍ സ്ഥാനം ഒഴിയുന്നതിലേക്കു വൈസ് പ്രസിഡന്റായിരുന്ന മാധവ് കൗശിക് എത്തേണ്ടതായിരുന്നുവെങ്കിലും സംഘപരിവാര്‍ പാനല്‍ എത്തിയതോടെ മല്‍സരത്തിനു വഴിയൊരുങ്ങുകയായിരുന്നു.

ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുമുദ് ശര്‍മയുടെ വിജയം. അതേസമയം ഔദ്യോഗിക പാനലില്‍ അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിച്ച മാധവ് കൗശിക്ക് ജയിച്ചു. സംഘപരിവാര്‍ അനുകൂല പാനലിലെ കര്‍ണാടക സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറായ മെല്ലെപുരം ജി.വെങ്കിടേശനും പരാജയപ്പെട്ടു. സംവിത് റിസര്‍ച് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ ഇദ്ദേഹം രണ്ട് തവണ കന്നഡ സാഹിത്യ അക്കാഡമി അവാര്‍ഡിന് അര്‍ഹനായിട്ടുണ്ട്.

പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സ്ഥാനങ്ങളിലേക്കു മത്സരിക്കാന്‍ അവസാന നിമിഷമാണ് ഇവര്‍ പത്രിക സമര്‍പ്പിച്ചത്.
ചന്ദ്രശേഖര കമ്പാര്‍ സ്ഥാനമൊഴിയുമ്പോള്‍ നിലവിലെ വൈസ് പ്രസിഡന്റ് മാധവ് കൗശിക് അധ്യക്ഷസ്ഥാനത്തും ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ കേരളത്തില്‍ നിന്നു സി.രാധാകൃഷ്ണന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തും എത്തുമെന്നായിരുന്നു മുന്‍ധാരണ. ഇതിനിടെയാണ് മത്സരത്തിനു വഴിയൊരുങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.