ഡോക്ടര്‍മാര്‍ക്കെതിരായ കൈയേറ്റം: മാര്‍ച്ച് 17 ന് മെഡിക്കല്‍ സമരം

ഡോക്ടര്‍മാര്‍ക്കെതിരായ കൈയേറ്റം: മാര്‍ച്ച് 17 ന് മെഡിക്കല്‍ സമരം

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ കൈയേറ്റം വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ഈമാസം 17 ന് സംസ്ഥാന വ്യാപകമായി മെഡിക്കല്‍ സമരം നടത്തും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് സമരം.

അത്യാഹിതവിഭാഗം, ലേബര്‍ റൂം തുടങ്ങിയ സേവനങ്ങള്‍ ഒഴികെ ബഹിഷ്‌കരിക്കുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുള്‍ഫി നൂഹുവും സെക്രട്ടറി ഡോ. ജോസഫ് ബെനവനും വാര്‍ത്താ സമ്മേളനത്തില്‍ അിറയിച്ചു.

അടിയന്തര ആവശ്യങ്ങളില്ലാത്തവര്‍ അന്നേദിവസം ആശുപത്രികളില്‍ എത്തരുതെന്നും ഡോക്ടര്‍മാരുടെ ബുദ്ധിമുട്ട് മനസിലാക്കി സഹകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സ്വകാര്യ മേഖലകളിലുള്ള ഡോക്ടര്‍മാരും ഐ.എം.എ അംഗങ്ങളായതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി സമരത്തില്‍ അണിചേരുമെന്ന് പ്രതീക്ഷിക്കുന്നു. അക്രമം വര്‍ധിച്ചതോടെ ഐ.എം.എ ആസ്ഥാനത്ത് വാര്‍ റൂം തുറന്നു. കേരളത്തില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടാല്‍ സഹായങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണിത്.

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ആറ് പ്രതികളില്‍ മൂന്നുപേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിട്ടും പ്രധാന പ്രതിയുള്‍പ്പെടെ മൂന്നു പേരെ രക്ഷപ്പെടാന്‍ അനുവദിച്ചു. സമര വിവരം മന്ത്രി വീണാ ജോര്‍ജിനെ ഉള്‍പ്പെടെ അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ എഫ്.ഐ.ആര്‍ രജിസ്റ്രര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം ഉണ്ടായിട്ടും സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല. കോഴിക്കോട്ട് പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തെന്നും ഐ.എം.എ കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.