ആണവ അന്തര്‍വാഹിനി കരാര്‍ പ്രഖ്യാപനം നാളെ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അമേരിക്കയില്‍; വരുന്നത് വന്‍ തൊഴിലവസരങ്ങള്‍

ആണവ അന്തര്‍വാഹിനി കരാര്‍ പ്രഖ്യാപനം നാളെ; ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അമേരിക്കയില്‍; വരുന്നത് വന്‍ തൊഴിലവസരങ്ങള്‍

കാലിഫോര്‍ണിയ: അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഓകസ് സഖ്യത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയില്‍ പുതുതായി 20,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍. ചൈനയെ പ്രതിരോധിക്കാന്‍ ലക്ഷ്യമിടുന്ന പ്രതിരോധ കരാറിന്റെ ഭാഗമായി അമേരിക്കയുടെയും ബ്രിട്ടന്റെയും പിന്തുണയോടെയാണ് ഓസ്‌ട്രേലിയ ആണവ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത 30 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ തൊഴില്‍ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നാളെയുണ്ടാകും.

അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയിലെ സാന്‍ ഡിയേഗോയിലാണ് ആന്റണി അല്‍ബനീസി ഇപ്പോഴുള്ളത്. ആണവ അന്തര്‍വാഹിനി നിര്‍മാണ കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നാളെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കും ആന്റണി അല്‍ബനീസിയും ചേര്‍ന്നാണ് പ്രഖ്യാപിക്കുന്നത്.

എത്ര ആണവ അന്തര്‍വാഹിനികള്‍ ആഭ്യന്തരമായി നിര്‍മ്മിക്കുമെന്ന് വ്യക്തമല്ലെങ്കിലും വ്യവസായം, പ്രതിരോധം, പൊതുസേവനം എന്നീ മേഖലകളിലാണ് ഓസ്‌ട്രേലിയയില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നതിനായി 8,500 പേര്‍ക്ക് നേരിട്ടു തൊഴില്‍ ലഭിക്കും. സൗത്ത് ഓസ്ട്രേലിയ തലസ്ഥാനമായ അഡ്ലെയ്ഡിലാണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്.

കരാര്‍ ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ മഹത്തായ പദ്ധതികളിലൊന്നായിരിക്കുമെന്ന് പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് പറഞ്ഞു. അടുത്ത മുപ്പത് വര്‍ഷത്തിനുള്ളില്‍ പദ്ധതിക്ക് എത്രമാത്രം ചെലവ് വരുമെന്ന് മന്ത്രി വ്യക്തമാക്കിയില്ല, പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ നാളെ പ്രധാനമന്ത്രി വെളിപ്പെടുത്തും.

പ്രഖ്യാപനത്തിന് ശേഷം ആണവ അന്തര്‍വാഹിനി നിര്‍മാണത്തില്‍ വിദഗ്ധരായ തൊഴിലാളികളെ എങ്ങനെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കും. ഈ മേഖലയിലെ തൊഴില്‍ ക്ഷാമം നികത്താന്‍ ഓസ്ട്രേലിയക്കാരെ അടിയന്തരമായി പരിശീലിപ്പിക്കുകയും ഉയര്‍ന്ന വൈദഗ്ധ്യം കൈവരിക്കുകയും ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആഭ്യന്തര തൊഴിലാളികളെ പരിശീലിപ്പിക്കുകയും വൈദഗ്ധ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടത് ഓസ്ട്രേലിയയ്ക്ക് അനിവാര്യമാണെന്ന് ഓസ്ട്രേലിയന്‍ സോവറിന്‍ ക്യാപ്പബിലിറ്റി അലയന്‍സ് ഡയറക്ടര്‍ മാര്‍ട്ടിന്‍ ഹാമില്‍ട്ടണ്‍-സ്മിത്ത് പറഞ്ഞു. ബഹിരാകാശ വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ സങ്കീര്‍ണമാണ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്.

എന്‍ജിനീയര്‍മാരുടെ നിലവിലെ ക്ഷാമം കണക്കിലെടുത്ത്, ആവശ്യത്തിന് വിദഗ്ധ തൊഴിലാളികള്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ടാര്‍ഗെറ്റഡ് വര്‍ക്ക്‌ഫോഴ്സ് പ്ലാന്‍ രൂപീകരിക്കണമെന്ന് എന്‍ജിനീയേഴ്സ് ഓസ്ട്രേലിയയിലെ സംഘടനയിലെ അംഗമായ ജെയ്ന്‍ മാക്മാസ്റ്റര്‍ പറഞ്ഞു. അതിനായി ഹ്രസ്വമായ കാലയളവിലേക്കായി വിദഗ്ധരായ കുടിയേറ്റക്കാരെയോ അല്ലെങ്കില്‍ ഉപദേശകരേയോ രാജ്യത്തേക്കു കൊണ്ടുവരേണ്ടതുണ്ട്. ബിരുദാനന്തര കോഴ്‌സുകളിലൂടെ കൂടുതല്‍ എന്‍ജിനീയര്‍മാരെ പരിശീലിപ്പിക്കേണ്ടി വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിശദമായ വായനയ്ക്ക്:

എന്തുകൊണ്ട് ഓസ്‌ട്രേലിയയ്ക്ക് ആണവ അന്തര്‍വാഹിനി?


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.