ബ്രഹ്മപുരത്തെ മാലിന്യപ്പുക: ആരോഗ്യ സര്‍വേ ഇന്നാരംഭിക്കും; പുക ബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ മൊബൈല്‍ യൂണിറ്റുകള്‍

ബ്രഹ്മപുരത്തെ മാലിന്യപ്പുക: ആരോഗ്യ സര്‍വേ ഇന്നാരംഭിക്കും; പുക ബാധിതര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ മൊബൈല്‍ യൂണിറ്റുകള്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്നാരംഭിക്കും. പരിശീലനം ലഭിച്ച 202 ആശ പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും കയറി ആരോഗ്യ സംബന്ധമായ വിവര ശേഖരണം നടത്തും. അതേസമയം അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളില്‍ ശ്വാസ് ക്ലിനിക്കുകളും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള അഞ്ച് മൊബൈല്‍ യൂണിറ്റുകള്‍ ഇന്ന് വീടുകളിലെത്തും. കൂടാതെ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്പെഷ്യാലിറ്റി റെസ്പോണ്‍സ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് എതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ളവര്‍ക്ക് മതിയായ വിദഗ്ദ ചികിത്സ ഉറപ്പുവരുത്താന്‍ ഇതിലൂടെ സാധിക്കും.

അതേസമയം നടന്‍ മമ്മൂട്ടിയുടെ നിര്‍ദേശാനുസരണം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും ഇന്ന് മുതല്‍ പുക ബാധിത പ്രദേശങ്ങളില്‍ സൗജന്യ പരിശോധനയ്ക്കെത്തും. മരുന്നുകളും ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ള സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുമായാണ് ആരോഗ്യ സംഘം എത്തുക.

ഇതില്‍ ഡോക്ടറും നഴ്സുമുണ്ടാകും. മരുന്നുകളും ആവശ്യമുള്ളവര്‍ക്ക് ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും സൗജന്യമായി നല്‍കും. ഇന്ന് വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ഒന്നാംവാര്‍ഡായ ബ്രഹ്മപുരത്താണ് വൈദ്യസംഘത്തിന്റെ പരിശോധന. ബുധനാഴ്ച കുന്നത്ത്നാട് പഞ്ചായത്തിലെ പിണര്‍മുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.